17 April, 2019 11:40:14 AM
'ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്ത്'; സംഘ പരിവാര്‍ പ്രവര്‍ത്തകനെതിരെ കേസ് എടുത്തു
കൊച്ചി: മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പാഞ്ഞ ആംബുലന്‍സിലുണ്ടായിരുന്ന 15 ദിവസം മാത്രമായ കുഞ്ഞിന്‍റെ ഹൃദയ ചികിത്സക്കായി കേരളക്കര ഒന്നിച്ചപ്പോള്‍ സമൂഹമാധ്യമത്തിലൂടെ കുഞ്ഞിന് നേരെ വര്‍ഗീയ വിഷം ചീറ്റുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടയാ വ്യക്തിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി സൂചന.
ബിനില്‍ സോമസുന്ദരം എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കുഞ്ഞിനു നേരെ വര്‍ഗ്ഗീയ ആക്രമണമുണ്ടായത്. ജിഹാദിയുടെ വിത്ത് എന്നാണ് ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ വിളിച്ചത്. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും പേര് എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ന്യൂനപക്ഷ വിത്തായതിനാലാണ് സര്‍ക്കാര്‍ ചികിത്സ സൗജന്യമാക്കിയതെന്നും ഇയാള്‍ കുറിച്ചു.
എന്നാല്‍ പോസ്റ്റിനെതിരെ ആളുകള്‍ രംഗത്തെത്തിയതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. മാത്രമല്ല, തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നുവെന്ന് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ശബരിമല ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരില്‍ ഒരാളാണ് ഇയാള്‍. ആചാരസംരക്ഷണയജ്ഞവുമായി ശബരിമല സന്നിധിയില്‍ എന്ന് പറഞ്ഞ് നിരവധി ചിത്രങ്ങളും ഇയാള്‍ പങ്കുവെച്ചിട്ടുണ്ട്.