09 April, 2019 11:10:39 AM


'ശബരിമല' പരീക്ഷാ വിവാദം: ചോദ്യത്തെയും ചോദ്യകര്‍ത്താവിനെയും ഒഴിവാക്കി പി.എസ്.സി




തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ സൈക്യാട്രി തസ്തികയിലേക്ക് പി.എസ്.സി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയിലെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ചോദ്യം തയ്യാറാക്കിയ ആള്‍ അശ്രദ്ധയും കൃത്യവിലോപവും വരുത്തിയെന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ പി.എസ്.സിയുടെ ചോദ്യകര്‍ത്താക്കളുടെ പാനലില്‍ നിന്ന് ഒഴിവാക്കും. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും.



സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയില്‍ പ്രവേശിച്ച 10 നും 50 നുമിടയില്‍ പ്രായമുള്ള ആദ്യ യുവതികള്‍ ആരെല്ലാം എന്നതായിരുന്നു ചോദ്യം. ചോദ്യം മാദ്ധ്യമങ്ങളില്‍ വിവാദമാവുകയും പി.എസ്.സി കരുതിക്കൂട്ടി ഇതുള്‍പ്പെടുത്തി എന്ന ആരോപണം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കാന്‍ എക്സാമിനേഷന്‍ മോണിട്ടറിംഗ് കമ്മിറ്റിയോഗം പി.എസ്.സിയോട് ശുപാര്‍ശ ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന യോഗം അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയാക്കി. ചോദ്യത്തില്‍ പിശകില്ലെന്ന് ഭരണകക്ഷി അംഗങ്ങള്‍ വാദിച്ചപ്പോള്‍ റദ്ദാക്കണമെന്ന് മറ്റുള്ളവരും ആവശ്യപ്പെട്ടു.



യുവതികളുടെ പ്രവേശനം സംസ്ഥാന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൊലീസ് മേധാവിയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇടതുപക്ഷാംഗങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ ചോദ്യം റദ്ദാക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പറയുന്നത് ഔദ്യോഗിക രേഖയായി അംഗീകരിക്കാന്‍ പി.എസ്.സിയ്‌ക്ക് ബാധ്യതയില്ലെന്ന് മറുഭാഗം പറഞ്ഞു. ശബരിമലയില്‍ എത്ര സ്ത്രീകള്‍ പ്രവേശിച്ചെന്ന കാര്യത്തില്‍ തന്നെ വിവാദമുണ്ട്. അത്തരം വിവാദങ്ങളില്‍ പി.എസ്.സി ഇടപെടുന്നത് ശരിയല്ലെന്ന നിലപാടില്‍ ഭൂരിഭാഗം പേരും എത്തിയതോടെ ചോദ്യം റദ്ദാക്കുകയായിരുന്നു.



ഓരോ പരീക്ഷയ്ക്കും ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത് പാനലില്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധരാണ്. ചോദ്യങ്ങളും ഉത്തരങ്ങളും സുരക്ഷിതമായ കവറുകളിലാക്കി മുദ്രവച്ച്‌ പരീക്ഷാ കണ്‍ട്രോളര്‍ക്ക് ലഭ്യമാക്കും. ചോദ്യപേപ്പര്‍ പായ്ക്കറ്റുകളില്‍ നിന്ന് ഒരെണ്ണം നറുക്കിട്ടെടുത്താണ് പരീക്ഷ നടത്തുന്നത്. ചോദ്യപേപ്പര്‍ ഉദ്യോഗാര്‍ത്ഥിയാണ് ആദ്യമായി കാണുന്നത്. പി.എസ്.സി അംഗങ്ങളോ ഉദ്യോഗസ്ഥരോ പരീക്ഷയുടെ ഒരു ഘട്ടത്തിലും ചോദ്യങ്ങള്‍ കാണുന്നില്ല. ഇക്കാരണത്താലാണ് ചോദ്യകര്‍ത്താവ് വരുത്തിയ പിഴവ് കാണാതെ പോയതെന്ന് പരീക്ഷാകണ്‍ട്രോളര്‍ നാരായണശര്‍മ്മ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K