30 March, 2019 09:52:07 PM
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; ആക്ഷൻ കൗൺസിൽ സമരത്തിലേക്ക്
കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം വൈകുന്നതിനെതിരെ ആക്ഷൻ കൗൺസില്‍ വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. ഏപ്രിൽ ആറിന് സമരം തുടങ്ങാനാണ് ആലോചന. സമരം ആരംഭിക്കുന്നത് എപ്പോൾ വേണമെന്ന കാര്യത്തില്‍ തിങ്കളാഴ്ചത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
കന്യാസ്ത്രീ നൽകിയ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചില്ല. ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായി. കുറ്റപത്രം നവംബറിൽ തന്നെ അന്വേഷണ സംഘം തയ്യാറാക്കിയതാണ്.
സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാട്ടെ കന്യാസ്ത്രീമാർ നേരത്തെ രംഗത്തെത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു ഫ്രാങ്കോയുടെ അറസ്റ്റ്. കന്യാസ്ത്രീമാർ തെരുവിൽ നടത്തിയ സമരത്തിനൊടുവിലായിരുന്നു അറസ്റ്റ്.