26 March, 2019 03:49:47 PM


സൂര്യന്‍ കത്തുന്നു; സൂര്യാഘാതം തുടര്‍ക്കഥ: ഇടുക്കിയിലും കോട്ടയത്തും 5 പേര്‍ക്ക് സൂര്യതാപമേറ്റു



കോട്ടയം: ഇടുക്കിയിലും കോട്ടയത്തും ഉള്‍പ്പെടെ സംസ്ഥാനത്ത് സൂര്യതാപം ഏല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഇടുക്കി രാജാക്കാട്ടില്‍ കര്‍ഷകനായ തകിടിയേല്‍ മാത്യുവിനാണ് സൂര്യാഘാതമേറ്റത്. പരിക്ക് സാരമുള്ളതല്ല. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാൾ ആശുപത്രി വിട്ടു. വലിയകണ്ടം പാടശേഖരത്തിലെ വാഴതോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ആണ് സൂര്യാഘാതമേറ്റത്.


കോട്ടയത്ത് ഇന്ന് നാല് പേര്‍ക്കാണ് സൂര്യാഘാതം ഏറ്റത്. വൈക്കം ഉദയനാപുരത്ത് യുഡിഎഫ് പ്രവര്‍ത്തകനായ അരുണ്‍, കോട്ടയത്ത് ശുചീകരണതൊഴിലാളിയായ ശേഖരന്‍, ഏറ്റുമാനൂര്‍ പട്ടിത്താനത്ത് തങ്കച്ചന്‍, കുറുമുള്ളൂരില്‍ സജി എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ ജോലികള്‍ നടന്നുകൊണ്ടിരിക്കെ പ്ലംബര്‍ മാന്നാനം സ്വദേശി മനോജിന് സൂര്യതാപം ഏറ്റിരുന്നു. തലയിലും ശരീരത്തും കൈയിലും സാരമായി പൊള്ളലേറ്റ ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.


കഴിഞ്ഞ ഒരാഴ്ചക്കാലമായി ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. പതിനൊന്ന് മണിയ്ക്ക് ശേഷം വെയിലത്ത് നിന്നുള്ള ജോലി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇത് എല്ലാ മേഖലയിലും പാലിക്കപ്പെടുന്നുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസ്സം പതിനൊന്ന് മണിക്ക് മുമ്പാണ് രാജാക്കാട് സ്വദേശി തകിടിയേല്‍ മാത്യുവിന് സൂര്യതാപമേറ്റത്. വലിയകണ്ടം പാടശേഖരത്തിലെ വാഴതോട്ടത്തില്‍ രാവിലെ എത്തി നനച്ചതിന് ശേഷം ഇദ്ദേഹം പത്തുമണിയോടെ വീട്ടിലേയ്ക്ക് തിരിച്ച് പോരുകയായിരുന്നു. വീട്ടിലെത്തി കുളിക്കുന്ന സമയത്താണ് കഴുത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോളാണ് സൂര്യതാപമേറ്റതാണെന്ന് കണ്ടെത്തുന്നത്.


ചികിത്സ തേടിയെങ്കിലും നീറ്റലും കഴുത്തിന് വേദനയും അനുഭവപ്പെടുന്നുണ്ടെന്നും മാത്യു പറഞ്ഞു. സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് അവഗണിച്ച് കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയിലുമടക്കം കടുത്ത വെയിലില്‍ തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്.


സംസ്ഥാനത്ത് 12 ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് കൂടി സൂര്യാഘാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇന്ന് മൂന്നു മുതല്‍ നാലു ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K