22 March, 2019 09:29:14 PM
ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ ഉത്തരവ് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി
കൊച്ചി: ഏഴ് ഡിവൈഎസ്പിമാരെ സിഐമാരായി തരംതാഴ്ത്തിയ സർക്കാർ ഉത്തരവ് കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. നടപടിയ്ക്ക് വിധേയരായവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇവർക്ക് ഡിവൈഎസ്‍പിമാരായി തുടരാം. എന്നാൽ, ക്രിമിനൽ കേസുള്ള മറ്റ് മൂന്ന് പേർ പ്രൊമോഷൻ കമ്മിറ്റിയെ വീണ്ടും സമീപിക്കാനാണ് നിർദേശം. ഇവരുടെ കാര്യം ഡിപിസിക്ക് തീരുമാനിക്കാം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിച്ഛായ നന്നാക്കാനാണ് ആഭ്യന്തരവകുപ്പ് തരംതാഴ്ത്തിയ നടപടി സ്വീകരിച്ചതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇത്തരത്തിൽ നടപടിയെടുക്കാൻ ആഭ്യന്തരവകുപ്പിനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്‍പിമാർ നിയമനടപടികളിലേക്ക് നീങ്ങിയത്. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന പൊലീസ് ആക്ടിലെ സുപ്രധാന വകുപ്പ് സർക്കാർ റദ്ദാക്കിയതിന് തൊട്ട് പിന്നാലെയാണ് ഡിവൈഎസ്പിമാരുടെ പട്ടിക പുനഃപരിശോധിച്ച് ഉത്തരവിറക്കിയത്.