13 March, 2019 10:20:46 AM


നോട്ട‌്നിരോധനം ആരുടെ ഉപദേശം സ്വീകരിച്ചാണ‌് നടപ്പാക്കിയതെന്ന് വ്യക്തമാക്കണം - മുഖ്യമന്ത്രി




ആലത്തൂര്‍: സാമ്പത്തികരംഗം തകര്‍ക്കുമെന്ന‌് റിസര്‍വ‌് ബാങ്ക‌് മുന്നറിയിപ്പ‌് നല്‍കിയിട്ടും ആരുടെ ഉപദേശം സ്വീകരിച്ചാണ‌് നോട്ട‌്നിരോധനം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലത്തൂര്‍ ലോക‌്സഭാ മണ്ഡലം എല്‍ഡിഎഫ‌് തെരഞ്ഞെടുപ്പ‌് കണ്‍വന്‍ഷന്‍ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മന്ത്രിസഭയില്‍ ആലോചിച്ചില്ല, നടപടിക്രമം കൃത്യമായി പാലിച്ചുമില്ല. നടപടി രാജ്യത്തിന്‍റെ വളര്‍ച്ചയെത്തന്നെ മുരടിപ്പിച്ചു. അതിന്‍റെ മറവില്‍ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനും ശ്രമിച്ചു. സാമ്പത്തികരംഗത്ത‌് കോണ്‍ഗ്രസിന്‍റെ അതേ നയം തന്നെയാണ‌് മോദിയും പിന്തുടരുന്നത‌്. ബിജെപിയുടെ തൊഴില്‍നയം തന്നെയാണ‌് കോണ്‍ഗ്രസിനുമുള്ളത‌്. കാര്‍ഷികനയത്തിലും ഇരുപാര്‍ട്ടിക്കും ഒരേ നിലപാടാണ‌്. ആകെക്കൂടിയുള്ള വ്യത്യാസം, മതനിരപേക്ഷമാണെന്നും വലിയ തോതില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവരില്‍നിന്നും വ്യത്യസ‌്തമാണെന്നും പരസ്യമായി പറയുന്നതാണ‌്.


എന്നാല്‍ പശുരാഷ്ട്രീയം ബിജെപിയേക്കാള്‍ കൂടുതല്‍ പ്രയോഗിക്കുന്നത‌് കോണ്‍ഗ്രസാണ‌്. തങ്ങളാണ‌് ഗോവധം നിരോധിച്ച‌് നിയമം കൊണ്ടുവന്നതെന്ന‌് അവര്‍ പറയുന്നു. അത‌് അക്രമികള്‍ക്ക‌് പ്രോത്സാഹനവുമാകുന്നു. ബാബറി മസ‌്ജിദ‌് കേസില്‍ സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കാനും കോണ്‍ഗ്രസ‌് മന്ത്രിമാരും രംഗത്തുവരുന്നു. അയോധ്യയില്‍ ക്ഷേത്രം തങ്ങള്‍ നിര്‍മിക്കുമെന്ന‌് പറയുന്ന കോണ്‍ഗ്രസ‌് ഏതു പക്ഷത്താണ‌് നില്‍ക്കുന്നത‌്. സംഘപരിവാറിനെ തടയിടാന്‍ കോണ്‍ഗ്രസിനാകില്ലെന്ന‌് ഇതിലൂടെ വ്യക്തം.


മതനിരപേക്ഷതയ‌്ക്ക‌് കരുത്തു പകരുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ‌്. വിശ്വസിക്കാവുന്ന ഒരു പ്രസ്ഥാനം ഇടതുപക്ഷം മാത്രമാണ‌്. ഇടതുപക്ഷത്തിന്‍റെ അംഗബലം എന്തിനാണ‌് വര്‍ധിപ്പിക്കുന്നതെന്ന‌് ചോദിക്കുന്നവര്‍ ഇടതുപക്ഷത്തെ വല്ലാതെ ഭയപ്പെടുന്നു. വലിയ ശക്തിയായിട്ടില്ലെങ്കിലും പ്രശ‌്നങ്ങളില്‍ ഇടപെടുന്നതില്‍ മുന്നില്‍നില്‍ക്കുന്നത‌് ഇടതുപക്ഷം മാത്രമാണ‌്. ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ‌് ഏറ്റവും മികച്ച ജനക്ഷേമനടപടി ആരംഭിച്ചതെന്നും പിണറായി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K