12 March, 2019 07:44:09 PM


മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി നളിനി നെറ്റോ രാജിവച്ചു. ഇന്ന് ഉച്ചയ്ക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്‍റെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. 


യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ലാവ്ലിൻ കേസിൽ പിണറായി വിജയനെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സർക്കാർ തീരുമാനത്തെ എതിർത്തതോടെയാണ് സിപിഎമ്മുമായുള്ള നളിനി നെറ്റോയുടെ അടുപ്പം കൂടുന്നത്. സംസ്ഥാനത്തിന്‍റെ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ആദ്യകാലങ്ങളിൽ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടി അയഞ്ഞു തുടങ്ങി. ഓഫീസിലെ ചില ഉന്നതരുമായുള്ള ശീതയുദ്ധമായിരുന്നു കാരണം.


ഇതോടെ  ഫയലുകള്‍ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ തർക്കങ്ങൾ പലപ്പോഴും പരിഹരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയജയരാജനായിരുന്നു. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി. ഇതിനിടെയാണ് പടിയിറങ്ങാൻ നളിനി നെറ്റോയും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


കേരളത്തിലെ ആദ്യ വനിതാ ചീഫ്‌ ഇലക്ടറൽ ഓഫീസറായിരുന്നു നളിനി നെറ്റോ. 1981 ൽ ഐ.എ.എസ്‌ നേടിയ നളിനി സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി സെക്രട്ടറി, സഹകരണ രജിസ്ട്രാർ, ഇറിഗേഷൻ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. വിജിലൻസ്‌ ഐ. ജിയായിരുന്ന ഡെസ്മണ്ട്‌ നെറ്റോയാണ്‌ ഭർത്താവ്‌. കേരളത്തിലെ ചീഫ് സെക്രട്ടറിയായ നാലാമത്തെ വനിതയും നളിനി ആണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K