24 February, 2019 12:59:50 PM


കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട്ടിൽ മുഖ്യമന്ത്രി പോകാതിരുന്നത് താല്‍പര്യം ഇല്ലാത്തതിനാല്‍ - മുരളീധരന്‍



തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മരണ വീട്ടിൽ പോകണമെങ്കിൽ ആരുടേയും അനുമതിയുടെ ആവശ്യമില്ലെന്നും താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട്ടിൽ മുഖ്യമന്ത്രി പോകാതിരുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രിക്ക് പോകണമായിരുന്നെങ്കിൽ പ്രതിപക്ഷ നേതാവിനെ വിളിക്കാമായിരുന്നു. സംരക്ഷണം ഒരുക്കാൻ കോൺഗ്രസ് ഒരുക്കമായിരുന്നു എന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.


കാസര്‍കോട്ടെ കോൺഗ്രസ് ജില്ലാകമ്മിറ്റിയുമായി ഒരുതരത്തിലുള്ള ചര്‍ച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മരണ വീട്ടിൽ മുഖ്യമന്ത്രി എത്തിയാൽ മുഖത്ത് തുപ്പാൻ കോൺഗ്രസ് ആളെ നിര്‍ത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. മുഖത്ത് തുപ്പുന്നത് കോൺഗ്രസ് സംസ്കാരമല്ല. അത് ഒരു പക്ഷെ സിപിഎമ്മിന്‍റെ സംസ്കാരമായിരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. 


പാലക്കാട് സിപിഐക്കാർ കൊന്ന ലീഗ് പ്രവർത്തകൻ സഫീറിന്‍റെ വീട്ടിലല്ലാതെ മറ്റൊരു വീട്ടിലും പിണറായി പൊയിട്ടില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. ഷുഹൈബിന്‍റെ കൊലയാളികളുടെ കരങ്ങൾ പെരിയ കൊലക്കേസിന് പിന്നിലുണ്ടെന്നും കെ മുരളീധരൻ ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K