17 February, 2019 08:10:40 PM
ആരാഗ്യ ടൂറിസം രംഗത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കും - മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ആരാഗ്യ ടൂറിസം രംഗത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെഡിക്കല്‍ ടൂറിസം രംഗത്ത് കേരളത്തിന് ഏറെ സാധ്യതകളുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്നത് പോരായ്മയാണെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിനോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ചികിത്സാ ചെലവ് കുറവാണ്. ഈ സാധ്യത കണ്ടെത്തി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. നിരവധി വിപണന സാധ്യതകള്‍ വഴിതുറക്കുന്ന രംഗമാണ് ആരോഗ്യ ടൂറിസം. പരമ്പരാഗത ചികിത്സ തേടി കേരളത്തിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കൂടാതെ, തുടര്‍ ചികിത്സ തേടിയും ഇപ്പോള്‍ നിരവധിപ്പേര്‍ കേരളത്തിലെത്തുന്നുണ്ട്. ആരോഗ്യ ടൂറിസം രംഗത്തെ ചൂഷണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ചികിത്സ തേടിയെത്തുന്നവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ നിരന്തര പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ ടൂറിസം രംഗത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണമെന്ന് സെമിനാറില്‍ ആവശ്യമുയര്‍ന്നു. ആയുഷ് അധിഷ്ഠിത ആരോഗ്യ ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍. ആരോഗ്യ ടൂറിസത്തിന്റെ സാധ്യതകള്‍ കേരളം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കേരളത്തിന്റെ പരമ്പരാഗത ചികിത്സാ സമ്പ്രദായമായ ആയുര്‍വേദ, സിദ്ധ, യുനാനി എന്നിവ ആരോഗ്യ ടൂറിസം രംഗത്ത് നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
ആയുഷ് അധിഷ്ഠിത ഹെല്‍ത്ത് ടൂറിസം വികസനം ലക്ഷ്യമാക്കി സംസ്ഥാനത്ത് ആയുര്‍വേദ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സോമതീരം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാന്‍ ബേബി മാത്യു സോമതീരം അഭിപ്രായപ്പെട്ടു. ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മ്യൂസിയം എന്നിവ ഉള്‍പ്പെടുത്തി വെല്‍നസ് പാര്‍ക്ക് സ്ഥാപിക്കേണ്ടതും അനിവാര്യമാണ്. കേരളത്തിന്റെ ഹെല്‍ത്ത് ടൂറിസത്തിന് വെല്‍നസ് പാര്‍ക്ക് മുതല്‍ക്കൂട്ടാവും. നിലവില്‍ ഹെല്‍ത്ത് ടൂറിസം രംഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മെഡിക്കല്‍ മാലിന്യസംസ്‌കരണം. കേരളത്തില്‍ ഒരു ഏജന്‍സി മാത്രമാണ് മെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എബിഎച്ച് ഡയറക്ടര്‍ ഗായത്രി മഹിന്ദോയും ഇതേ ആവശ്യം ഉന്നയിച്ചു. ഹെല്‍ത്ത് ടൂറിസം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് മാനവവിഭവശേഷിയുടെ അപര്യാപ്തതയെന്നും അവര്‍ പറഞ്ഞു.
പരമ്പരാഗത ചികിത്സയ്ക്ക് പ്രാധാന്യം വര്‍ദ്ധിക്കുമ്പോഴും വിദഗ്ദ്ധരുടെ അഭാവം വെല്ലുവിളി ഉയര്‍ത്തുന്നു. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ കുറവ് ഈ രംഗത്ത് അനുഭവപ്പെടുന്നുണ്ട്. പഞ്ചകര്‍മ്മ തെറപ്പിസ്റ്റ്, ആയുര്‍വേദ സ്റ്റാഫ് എന്നിവരുടെ സേവനം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു. ഹെല്‍ത്ത് ടൂറിസത്തിന്റെ സാധ്യതകള്‍ മനസിലാക്കിയാണ് കേരളത്തിലെ വിവിധ പരമ്പരാഗത ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ രംഗത്ത്് ഇനിയും കേരളം നേട്ടം കൈവരിക്കേണ്ടതുണ്ട്. ഇതിന്റെ പ്രാരംഭ നടപടിയായി കോണ്‍ക്ലേവ് മാറുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
പഴയ രീതിയില്‍ നിന്ന് മാറി പ്രകൃതി ഭംഗി കൂടുതല്‍ പ്രയോജനപ്പെടുത്തിയാണ് ചികിത്സാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആശുപത്രികള്‍ റിസോര്‍ട്ട് മോഡലില്‍ പ്രവര്‍ത്തിക്കുന്നതും മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ കണ്ടെത്തിയതിനാലാണ്. ഇത്തരം കേന്ദ്രങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം ലഭിക്കും. കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന സെമിനാര്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു.
എന്‍എച്ച്എസ്ആര്‍സി ഉപദേഷ്ടാവ് ഡോ. ജെ.എ.എന്‍ ശ്രീവാത്സവ, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്് കോളേജ് ഓഫ് ഇന്ത്യ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഭാവന ഗുലാത്തി, കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്, ചങ്ങനാശേരി ഹോമിയോപ്പതി സ്‌ഷ്യൊലിറ്റി ക്ലിനിക്ക് എംഡി ഡോ. എസ്.ജി ബിജു, ഡോ. ഷാജി വര്‍ഗ്ഗീസ്, ഗ്ലോബല്‍ ആയുര്‍വേദ വില്ലേജ്്- കിന്‍ഫ്ര സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. മുരളീധരന്‍, ക്ലബ് മഹീന്ദ്ര സ്പാ ഡിവിഷന്‍ റീജിയണല്‍ ഹെഡ് ഡോ. കിരണ്‍ കെ രാജന്‍. ഡോ. അരവിന്ദ് എസ്, ഡോ. ശ്രീരാജ് കുന്നിശേരി, ഡോ. സജീവ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു
Share this News Now:
Like(s): 6.1K