10 February, 2019 09:41:09 PM
വ്യാപാരിയെ ആക്രമിച്ച് പണം അപഹരിച്ച സംഭവം: നാലംഗ കൊട്ടേഷന്‍ സംഘം അറസ്റ്റില്‍
പൊൻകുന്നം: സാനിറ്ററി കടയിൽ കയറി മുളക്പൊടി വിതറിയശേഷം കടയുടമയെ ആക്രമിച്ച് പണം അപഹരിച്ച സംഭവത്തില്‍ നാലംഗ കൊട്ടേഷൻ സംഘം പിടിയിൽ. കുന്നും ഭാഗത്ത് ബ്രൈറ്റ് ഏജൻസി എന്ന സ്ഥാപനം നടത്തുന്ന ചെങ്ങളം സ്വദേശിയായ ബിനോ ടോണിയോയെ അപായപെടുത്തുന്നതിനായി 2 ലക്ഷം രൂപയ്ക്ക് കൊട്ടേഷൻ ഏറ്റെടുത്തു നടത്തിയ നാലംഗസംഘംമാണ് സംഭവശേഷം മണിക്കൂറുകൾക്കുള്ളിൽ പോലീസിന്‍റെ പിടിയിലായത്. ബിനോയുടെ അയല്‍വാസിയാണ് കൊട്ടേഷന്‍ നല്‍കിയതെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു.
ആനക്കൽ സ്വദേശികളായ കാക്കനാട്ട് തോമസിന്‍റെ മകൻ ഉണ്ണിക്കുട്ടൻ എന്ന് വിളിക്കുന്ന അലൻ തോമസ്, വടക്കേ ചേരി തങ്കപ്പന്‍റെ മകൻ അപ്പു എന്ന് വിളിക്കുന്ന അജേഷ് തങ്കപ്പന്‍, സംസ്ഥാനത്തെ കൊടും ക്രിമിനലും കൊട്ടേഷൻ സംഘ തലവനുമായ കാഞ്ഞിരപ്പള്ളി ചെറുപുരത്ത് പുളിയുംതാഴെ വീട്ടിൽ അബുവിന്‍റെ മകൻ അജ്മൽ, പാറത്തോട് പാറക്കൽ വീട്ടിൽ നായനാർ തമ്പി മകൻ നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. ആദ്യം പിടിയിലായ അലനെയും അജേഷിനെയും ചോദ്യം ചെയ്തതിൽ അജ്മല്‍ ആണ് തങ്ങളെ ഈ ജോലി ഏൽപ്പിച്ചത് എന്ന് ഇവര്‍ സമ്മതിച്ചു. തുടർന്ന് കൊട്ടേഷൻ ഏജന്‍റ് ആയ നൌഷാദിനെയും അജ്മലിനെയും ഒളിസങ്കേതത്തിൽ നിന്നും പിടികൂടുകയുമായിരുന്നു.
ശനിയാഴ്ച രാവിലെ 9.45 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘം സാനിട്ടറി ഫിറ്റിംഗ് ആവശ്യപ്പെട്ട് കുന്നുംഭാഗത്തുള്ള കടയിൽ കയറുകയായിരുന്നു. സാധനങ്ങൾ എടുത്തു കൊണ്ടിരിക്കുമ്പോൾ ബിനോയുടെ മുഖത്തേക്ക് മുളകുപൊടി വിതറിയ ശേഷം തലയ്ക്കടിക്കുകയും കടയുടെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 32,000 രൂപ കവർച്ച നടത്തുകയുമായിരുന്നു. അലർച്ചകേട്ട് സമീപ കടക്കാർ ഓടി വന്നപ്പോഴേക്കും ഇരുവരും ബൈക്കിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു. മാരകമായി പരിക്കേറ്റ ബിനോ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കേസെടുത്ത പോലീസ് സമീപകടക്കാരോട് വിവരങ്ങൾ ശേഖരിച്ചും, സി.സി.ടി.വി, ശാസ്ത്രീയ പരിശോധന, സംശയമുള്ള ഇരുചക്രവാഹനങ്ങളുടെ ലിസ്റ്റ് ശേഖരിച്ചും പരിശോധിച്ചതിൽനിന്ന് പ്രതികളെ പറ്റി വ്യക്തമായ സൂചന ലഭിച്ചു. പ്രതികളെ ചോദ്യംചെയ്തപ്പോള്‍ വ്യാപാരിയുടെ അയൽവാസിയും വ്യക്തി വിരോധിയും ആയ ചെങ്ങളം നെടുമാവ് മാപ്പിള താഴെയിൽ ഐസക് എന്നയാൾ 2 ലക്ഷം രൂപയ്ക്ക് കൊട്ടേഷൻ തരുകയായിരുന്നു എന്ന് സമ്മതിച്ചു. മറ്റാർക്കെങ്കിലും ഈ കേസുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വഷിച്ചു വരികയാണ്.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്‍റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എസ്. മധുസൂദനന്‍റെ നേതൃത്വത്തിൽ പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടർ കെ .ആർ മോഹൻദാസ്, സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ പി.വി വർഗീസ്, എ.എസ്.ഐ എം.എ ബിനോയ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അഭിലാഷ് കെ. എസ്, നവാസ്, റിച്ചാർഡ്, ശ്യാം എസ്. നായർ, വിജയരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.