03 February, 2019 01:13:11 PM


400 വര്‍ഷം പഴക്കമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ച സംഘം പൊലീസ് പിടിയില്‍



രാമചന്ദ്രപുരം: 400 വര്‍ഷം പഴക്കമുള്ള നന്ദി വിഗ്രഹം മോഷ്ടിച്ച സംഘം പൊലീസ് പിടിയില്‍. ആന്ധ്രയിലെ രാമചന്ദ്രപുരത്തുള്ള അഗസ്തേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. പതിനഞ്ചംഗ സംഘത്തെയാണ് പൊലീസ് പിടി കൂടിയത്. നന്ദിയിൽ വജ്രം ഉണ്ടെന്ന് തെറ്റിദ്ധരിച്ചാണ് സംഘം വിഗ്രഹം മോഷ്ടച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ  പറഞ്ഞു.

ഗ്രാനൈറ്റ് കൊണ്ടു നിർമ്മിച്ച നൂറ് കിലോ ഭാരമുള്ള വിഗ്രഹമാണ് ജനുവരി 24ന് മോഷണം പോയത്. തുടർന്ന് ക്ഷേത്രാധികാരികൾ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. നന്ദിവിഗ്രഹത്തിൽ വജ്രം ഉണ്ടെന്ന് പ്രദേശത്ത് വ്യാജ പ്രചരണം ഉണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇവർ മോഷണത്തിന് പദ്ധതിയിടുകയായിരുന്നുവത്രേ.

അതേസമയം മോഷ്ടിച്ച വിഗ്രഹം പ്രദേശത്തെ കനാലിന്‍റെ തീരത്തുവെച്ച് വെട്ടിപ്പൊട്ടിച്ചുവെന്നും എന്നാല്‍ വിലപിടിപ്പുള്ള കല്ലുകള്‍ ഒന്നും ലഭിച്ചില്ലെന്നും സംഘം പൊലീസിനോട് പറഞ്ഞു. ക്ഷേത്രാധികാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിച്ചു. തുടർന്ന് നാട്ടുകാരിൽ നിന്ന്​ ലഭിച്ച വിവരങ്ങളും സൂചനകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്​ പ്രതികളെ പിടി കൂടിയതെന്ന് ശിവ ഗണേഷ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പേരുണ്ടെന്ന് സംശയിക്കുന്നതായി ക്ഷേത്രാധികാരികല്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K