25 January, 2019 03:08:26 PM
പാലായിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര; പ്രതി അറസ്റ്റില്‍
പാലാ: പാലായിലും പരിസര പ്രദേശങ്ങളിലും മോഷണ പരമ്പര നടത്തിയ കേസിലെ
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കളത്തൂക്കടവ് ഇടപ്പുങ്കല്‍ വെട്ടിക്കാട്ട്
സെയ്ദ് മുഹമ്മദിന്‍റെ മകന് സിയാദി (38) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഒട്ടുപാല്‍, മണ്പാല് എന്നിവ ശേഖരിക്കാനെന്ന വ്യാജേന പകല്‍ കറങ്ങി നടക്കുന്ന
സിയാദ് ഒറ്റപ്പെട്ട വീടുകള്‍ കണ്ടുവയ്ക്കുകയും പിന്നീട് അവിടെ മോഷണം നടത്തുകയുമാണ് പതിവെന്നു
പോലീസ് പറഞ്ഞു. പിടിയിലാകുമ്പോള്‍ കത്തി, സ്കൂഡ്രൈവര്‍ തുടങ്ങിയവ ഇയാളില്‍ നിന്നും പോലീസ്
പിടിച്ചെടുത്തു. മോഷ്ടിച്ച സ്വര്‍ണ്ണ ഉരുപ്പടികളില്‍ ചിലത് ഈരാറ്റുപേട്ടയിലെ
രണ്ടു സ്ഥാപനങ്ങളില്‍ പണയം വച്ചതായി ഇയാള്‍ സമ്മതിച്ചതായി പോലീസ്
അറിയിച്ചു. മോഷ്ടിച്ച മുക്കാല്‍ കിലോയോളം സ്വര്‍ണ്ണം ഇയാള്‍ ഉരുക്കി എടുക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊഴുവനാല്‍, മേവിട, നെച്ചിപ്പുഴൂര്‍, പാലാ, തിടനാട്, മരങ്ങാട്ടുപിളളി
തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ടു ഇയാള്‍ക്കെതിരെ കേസെടുത്തതായി
പോലീസ് അറിയിച്ചു.
കൊച്ചിടപ്പാടി കിഴക്കേവേലിയ്ക്കകത്ത് ബിനോയിയുടെ വീട്ടില്‍ മോഷണം നടത്തിയതായി
പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. വീട്ടിലുള്ളവര്‍ സ്ഥലത്തില്ലാതിരുന്ന
ദിവസമാണ് മോഷണം നടത്തിയത്. വീട്ടില്‍ കടന്നു കയറിയ സിയാദ് വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും
വീടുപണിക്കായി സൂക്ഷിച്ചിരുന്ന നാല്പതിനായിരത്തില്‍പരം രൂപയും അഞ്ചു പവനോളം സ്വര്‍ണ്ണവുമാണ് കവര്‍ച്ച ചെയ്തതെന്ന്
അന്വേഷണത്തില്‍ തെളിഞ്ഞതായി പാലാ സി ഐ രാജന് കെ. അരമന പറഞ്ഞു.
പാലാ ഡി വൈ എസ് പി ഷാജിമോന്‍ ജോസഫ്, സി ഐ രാജന് കെ.അരമന, എസ് ഐ ബിനോദ് കുമാര്‍, എസ്.ഐ.ഷാജി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പാലായിലും പരിസര പ്രദേശങ്ങളിലും നടന്ന മറ്റു മോഷണ കേസുകളിലും ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.