23 January, 2019 05:59:54 PM
പബ്ജി ഗെയിമിന് വിലക്ക്; സര്‍ക്കുലര്‍ പുറപ്പെടുവിച്ച് ഗുജറാത്ത് സര്‍ക്കാര്‍
ഗുജറാത്ത്: പബ്ജി ഗെയിം വിലക്കിക്കൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ ഇറക്കിയത്. കുട്ടികള്‍ക്കിടയില്‍ ഗെയിമിനോട് ആസക്തി വര്‍ധിക്കുന്നതിനാലും അത് പഠനങ്ങളെ വിപരീതമായി ബാധിക്കുന്നതിനാലും ഈ നിരോധനം അനിവാര്യമാണ് എന്ന് സര്‍ക്കുലര്‍ പറയുന്നു. ഗെയിമിന് നിരോധനം ഏര്‍പ്പെടുത്തണം എന്നറിയിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്.
നിരോധനം പബ്ജിയുടെ മൊബൈല്‍ പതിപ്പിന് മാത്രമായിരിക്കാനാണ് സാധ്യത. ഗെയിമിന്‍റെ പിസി, കണ്‍സോള്‍ പതിപ്പുകള്‍ പ്രചാരത്തിലുണ്ട്. പബ്ജി ഗെയിമിന് രാജ്യവ്യാപകമായി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശമുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജാഗൃതി പാണ്ഡ്യ പറഞ്ഞു.