19 January, 2019 02:45:48 PM
കന്യാകുമാരിയില്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിക്ക് ആസിഡ് ആക്രമണം; പ്രതിയെ വിഷം ഉളളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
കന്യാകുമാരി: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു പൊള്ളലേല്‍പിച്ച ശേഷം യുവാവ് ജീവനൊടുക്കി. തിരുവട്ടാറിനു സമീപം ഏറ്റക്കോട് ഭര്‍ത്താവ് മരിച്ച് 2 മക്കളോടൊപ്പം കഴിഞ്ഞുവരികയായിരുന്ന ഗിരിജ എന്ന സ്ത്രീയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് സമീപവാസിയായ ജോണ്‍റോസാണ് ജീവനൊടുക്കിയത്.
ജോണ്‍റോസ് പലപ്പോഴായി വിവാഹഭ്യര്‍ത്ഥന നടത്തുകയും ഗിരിജ നിരസിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ജോണ്‍റോസ് വീണ്ടുമെത്തി ഗിരിജയോട് വിവാഹഭ്യര്‍ഥന നടത്തി. എതിര്‍പ്പ് പ്രകടിപ്പിച്ച ഗിരിജയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് ഗിരിജയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചത്. പിന്നീട് വിവരമറിഞ്ഞ് തിരുവട്ടാര്‍ പോലീസ് എത്തിയപ്പോഴേയ്ക്കും ജോണ്‍റോസിനെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മാര്‍ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ ജോണ്‍റോസ് മരിച്ചു. തിരുവട്ടാര്‍ പോലീസ് കേസെടുത്തു.