08 January, 2019 04:00:24 PM


ലഹരിമരുന്നിന് അടിമയായ മകന്‍ അമ്മയെ ആക്രമിച്ചു; ഹോം നഴ്‌സ് മകനെ കുത്തിക്കൊന്നു




കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വയോധികയായ അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച മകനെ ഹോം നഴ്‌സ് കുത്തിക്കൊലപ്പെടുത്തി. പാലാരിവട്ടം കളവത്ത് റോഡില്‍ ചെല്ലിയംപുറം തോബിയാസി (35)നെയാണ് ഹോം നഴ്‌സ് ലോറന്‍സ് (52) കുത്തിക്കൊലപ്പെടുത്തിയത്. തോബിയാസ് ലഹരിമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു. പല തവണ കഞ്ചാവ് കേസിലും പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. തോബിയാസ് അമ്മയുടെ കഴുത്തുഞെരിക്കുന്നത് കണ്ട ലോറന്‍സ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ തോബിയാസ് ലോറന്‍സിനെയും ആക്രമിച്ചു. പിടിച്ചുമാറ്റാന്‍ കഴിയില്ലെന്ന് കണ്ടതോടെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ലോറന്‍സ് മൊഴി നല്‍കി.


തൃശൂര്‍ സ്വദേശിയായ ലോറന്‍സ് ഒരു വര്‍ഷമായി ഇവിടെ അമ്മയെ ശുശ്രൂഷിച്ചുവരികയായിരുന്നു. കുത്തേറ്റ് കിടന്ന തോബിയാസ് രക്തം വാര്‍ന്നാണ് മരിച്ചത്. തോബിയാസിന് കുത്തേറ്റ വിവരം അമ്മ അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകളാണ് പോലീസിനെ വിവരം വിളിച്ചറിയിച്ചത്. പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ലോറന്‍സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നിന് അടിമപ്പെട്ട തോബിയാസ് മിക്കപ്പോഴും അമ്മയേയും തന്നെയും ആക്രമിക്കാറുണ്ടെന്ന് ലോറന്‍സ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു. അവിവാഹിതനാണ് കൊല്ലപ്പെട്ട തോബിയാസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K