04 January, 2019 07:28:24 PM


വനിതാ മതില്‍ സംഘാടകനായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായി




നിലമ്പൂര്‍: വനിതാമതിലിന്‍റെ സംഘാടകനായ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചാരായം വാറ്റുന്നതിനിടെ നാട്ടുകാര്‍ വീടു വളഞ്ഞ് പിടികൂടി. എന്‍.ജി.ഒ യൂണിന്‍ അംഗവും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമായ ചാലിയാര്‍ കുന്നത്ത്ചാല്‍ പണപ്പൊയിലിലെ സുനില്‍ കമ്മത്തി (45)നെയാണ് പിടികൂടിയത്.



ചുങ്കത്തറ പി.എച്ച്‌.സിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ സുനില്‍ കമ്മത്ത് ഭാര്യയുടെ പേരിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വെച്ചാണ് ചാരായം വാറ്റിയത്. സംശയം തോന്നി കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വീടു വളഞ്ഞ നാട്ടുകാര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് അധികൃതരെ അറിയിച്ചു. സ്ഥലത്തെത്തിയ എക്സൈസ് സംഘം ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വെച്ചതോടെ സുനില്‍ കമ്മത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. 



ഒടുവില്‍ ബന്ധുതന്നെയാണ് സുനില്‍കമ്മത്തിനെതിരെ എക്സൈസിന് മൊഴി നല്‍കിയത്. രണ്ട് ലിറ്റര്‍ ചാരായം, 40 ലിറ്റര്‍ വാഷ്, ബാരല്‍, വാറ്റുപകരണങ്ങള്‍, ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, പ്രഷര്‍ കുക്കര്‍ തുടങ്ങിയ വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വനിതാമതിലിന്‍റെ സംഘാടകനായ സുനില്‍ കമ്മത്ത് സൈബര്‍ സഖാവായിരുന്നു. എരഞ്ഞിമങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പി.ടി.എ പ്രസിഡന്‍റും നിലവിലെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്. പ്രദേശത്തെ ക്ലബിന്‍റെ ഭാരവാഹിയുമാണ്.



സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ബോധവല്‍ക്കരണ പരിപാടിയായ മുക്തിയുടെ ബോധവല്‍ക്കരണ ക്ലാസെടുത്തിരുന്നത് സുനില്‍ കമ്മത്താണ്. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനില്‍ കമ്മത്തിനെ റിമാന്‍റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K