02 January, 2019 10:19:17 PM


ദര്‍ശനത്തിന് എത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ടത് പൊലീസിന്‍റെ ചുമതലയല്ലെന്ന് ഡി.ജി.പി



തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് സുരക്ഷ നല്‍കിയിരുന്നുവെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഭക്തര്‍ക്ക് സുരക്ഷ നല്‍കേണ്ടത് പൊലീസിന്റെ ബാധ്യതയാണ്. ദര്‍ശനത്തിന് എത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ടത് പൊലീസിന്റെ ചുമതലയല്ലെന്നും ഡി.ജി.പി വ്യക്തമാക്കി. ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളാണ് സന്നിധാനത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. വി.ഐ.പി ഗെയ്റ്റ് വഴിയാണ് ഇവര്‍ സന്നിധാനത്തെത്തിയത്. സന്നിധാനത്ത് ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.


ഈ മാസം 24ന് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച്‌ അയക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന് അന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തയ്യാറായത്. ഡിസംബര്‍ 30നാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ വീണ്ടും പൊലീസിനെ സമീപിച്ചത്. പൊലീസ് സുരക്ഷ നല്‍കിയതോടെയാണ് ഇരുവരും ശബരിമലയിലെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K