02 January, 2019 01:42:50 PM


ശബരിമലയിലെ യുവതി പ്രവേശനം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; പിന്തുണയില്ലെന്ന് ബിജെപി



തിരുവനന്തപുരം: ശബരിമലയിലെ യുവതിപ്രവേശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്തു. മുഖ്യമന്ത്രി രാജി വെച്ച് ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്ന് അയ്യപ്പകർമ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാനുള്ള പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ കാണാമെന്നും അയ്യപ്പകർമ്മ സമിതി മുന്നറിയിപ്പ് നല്‍കി.  


എന്നാല്‍ ബി ജെ പി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രഖ്യാപിക്കപ്പെട്ട ഹർത്താലിന് പിന്തുണ അറിയിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ആലോചിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്ന് ശ്രീധരൻപിള്ള വിശദമാക്കി. ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. നാളെ ഹർത്താലിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തീരുമാനിച്ചാൽ അറിയിക്കുമെന്നും പി കെ കൃഷ്ണദാസ് വിശദമാക്കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K