01 February, 2016 01:56:38 AM
മലയാളത്തിലെ ആദ്യ നഗ്ന ചിത്രം ചായം പൂശിയ വീട് പ്രദർശനത്തിനെത്തുന്നു
കൊച്ചി : ഏറെ കോളിളക്കം സൃഷ്ടിച്ച മലയാളത്തിലെ ആദ്യ നഗ്ന ചിത്രമായ ചായം പൂശിയ വീടിന് ഹൈക്കോടതി വരെ നീണ്ട നിയമപോരട്ടത്തിന് ഒടുവിൽ പ്രദർശനാനുമതി ലഭിച്ചു. ചിത്രത്തിലെ അവിഭാജ്യ ഘടകം എന്ന് പറയപ്പെടുന്ന നായികയുടെ നഗ്നതാ പ്രദർശനമാണ് സിനിമയുടെ തീയറ്റർ പ്രദർശന മോഹങ്ങൾക്ക് ഇതുവരെ വിലങ്ങു തടിയായിരുന്നത്.
സഹോദരങ്ങളും നവാഗത സംവിധായകരുമായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിന് ഐ എഫ് എഫ്കെയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാൽ, നായികയെ പൂർണ്ണ നഗ്നയായി കാണിച്ചിരിക്കുന്ന ചിത്രത്തിന് അഡൽറ്റ് ഒൺലി സർട്ടിഫിക്കറ്റ് നല്കാനാവില്ലെന്ന നിലപാടിലായിരുന്നു സെൻസർ ബോർഡ്. മൂന്ന് രംഗങ്ങള്‍ മാറ്റണമെന്നായിരുന്നു സെൻസർ ബോർഡിന്‍റെ ആവശ്യം. എന്നാൽ ചിത്രത്തിൽ നിന്ന് ഒരു സീന്‍ പോലും മാറ്റാന്‍ സംവിധായകരും തയ്യാറായില്ല.
രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമായി ഇതിൽ പ്രധാനമായും 3 കഥാപാത്രങ്ങളാണ് ഉള്ളത്. പ്രായം ചെന്ന ചിത്രകാരനായ ഗൗതമിന്‍റെ ജീവിതത്തിലേയ്ക്ക് രാഹുലും നിഷയും എത്തുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സിനിമയുടെ കഥാതന്തുവിനു ആവശ്യമായതിനാലാണ് 3 നഗ്ന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.
ബോളിവുഡ് നടി നേഹാ മഹാജനാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സല്മാൻ റുഷ്‌ദി എഴുതി ദീപാമേത്ത സംവിധാനം ചെയ്‌ത മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍, രാജൻ പട്ടേല്‍ സംവിധാനം ചെയ്‌ത ഫീസ്‌റ്റ് ഓഫ് വാരണാസി തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് നേഹാ മഹാജൻ. അഭിനേത്രി എന്ന നിലയിൽ കലാമൂല്യമുള്ള ഒരു സിനിമയ്ക്കായി അവർ അത്രയും ആത്മാർഥമായി ചെയ്ത സീനുകളാണ് കട്ട് ചെയ്യാൻ പറഞ്ഞതെന്ന് സംവിധായകർ പരാതിപ്പെടുന്നു.
തെറിപറയുന്ന സീനിലെ പദപ്രയോഗം ബീപ് ശബ്ദം ഇട്ടു നൽകണമെന്ന നിർദ്ദേശവും വന്നു. എന്നാൽ ഇത് കേരളത്തിൽ ആരും ഉപയോഗിക്കാത്ത ഒരു പദമല്ലാത്തതിനാൽ പിൻവലിക്കാൻ തയ്യാറായില്ല. മാറ്റങ്ങൾ ഒന്നും കൂടാതെ തന്നെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. സന്തോഷ് ബാബു സേനന്റേയും, സതീഷ് ബാബു സേനന്റേയും ഉടമസ്‌ഥതയിലുള്ള ഫിഫ്‌ത് എലമെന്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ചലച്ചിത്രത്തിൽ ഡോക്‌ടറേറ്റ് നേടിയ സംവിധാന സഹോദരങ്ങള്‍ മുംബൈയിൽ എം.ടി.വി, ചാനൽ ടി.വി, സ്‌റ്റാര്‍ ടി.വി എന്നീ ചാനലുകളിൽ നിര്‍മ്മാതാക്കളും, സംവിധായകരുമായിരുന്നു. ഈ അനുഭവ സമ്പത്തുമായാണ് ഇവര്‍ ആദ്യചിത്രം ഒരുക്കിയിരിക്കുന്നത്.