03 August, 2017 02:56:29 PM


കാവ്യ ദിലീപിന്‍റെ മൂന്നാം ഭാര്യ; 'കല്യാണരാമ'ന്‍റെ ആദ്യ ഭാര്യ വിദേശത്ത്



കൊച്ചി: നടി കാവ്യാ മാധവൻ ദിലീപിന്റെ മൂന്നാം ഭാര്യ. മഞ്ജു വാരിയർ ദിലീപിന്റെ ആദ്യ ഭാര്യയല്ലെന്നു പൊലീസ്. ദിലീപ് നേരത്തേ വിവാഹിതനായിരുന്നുവെന്നും അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നുമാണ് പൊലീസ് നൽകുന്ന വിവരം. മഞ്ജു വാരിയരുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള വിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിനുപിന്നിലെ കാരണങ്ങളാണു പൊലീസ് പരിശോധിക്കുന്നതിനിടെയാണ് മലയാളികള്‍ അഥിയാതെ പോയ ദിലീപിന്‍റെ ആദ്യവിവാഹകഥ പുറത്തു വരുന്നത്.


ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ദിലീപിന്‍റെ ആദ്യ വിവാഹം റജിസ്റ്റര്‍ ചെയ്തത്. ആദ്യവിവാഹം സംബന്ധിച്ചു കൂടുതൽ വിവരങ്ങളും അതിന്റെ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്നുൾപ്പെടെ പൊലീസ് മൊഴിയെടുത്തു. കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രത്തിൽ നടൻ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനർവിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്. 



ജൂലൈയിലാണു ദിലീപിന്റെ ആദ്യഭാര്യ മഞ്ജു അല്ലെന്ന സൂചന പൊലീസിനു കിട്ടുന്നത്. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യയെന്നു വിവരം കിട്ടി. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലെ റജിസ്റ്റര്‍ വിവാഹത്തിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തുന്നത്. ഇതിനുശേഷമാണു നടി മഞ്ജു വാരിയരുമായി അടുപ്പത്തിലാകുന്നത്. ഈ പരിചയം മഞ്ജുവുമായുള്ള വിവാഹത്തിലേക്കു നയിച്ചു. ഇത്തരം സാഹചര്യങ്ങൾ വന്നപ്പോൾ യുവതിയോടു ബന്ധുക്കളും മറ്റും കാര്യങ്ങൾ വിശദീകരിച്ചു ബോധ്യപ്പെടുത്തി. ബന്ധുക്കളുടെ മധ്യസ്ഥതയിൽ ഇവർ ദിലീപുമായുള്ള വിവാഹബന്ധം വേർപെടുത്താൻ തയാറായി. ഈ യുവതി ഇപ്പോൾ ഗൾഫിലാണ്. യുവതിയെ നാട്ടിലെത്തിച്ചു മൊഴിയെടുക്കാനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.


ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് അറിയാവുന്ന സിനിമാമേഖലയിലെ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഗോപാലകൃഷ്ണൻ എന്ന ഔദ്യോഗിക പേരിലാണു ദിലീപ് ആദ്യ വിവാഹം റജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്ന് ആരൊക്കെയാണു സാക്ഷിയായി ഒപ്പിട്ടതെന്നു കണ്ടെത്തിയിട്ടുണ്ട്. റജിസ്റ്റർ ഓഫിസിലെ ഈ രേഖകൾ കുറ്റപത്രത്തിനൊപ്പം വയ്ക്കാനാണു പൊലീസിന്റെ നീക്കം. ഈ രേഖകൾ കണ്ടെടുക്കുന്ന ജോലിയാണു ഒരു മാസമായി അന്വേഷണസംഘം രഹസ്യമായി ചെയ്തിരുന്നത്. രേഖകൾ ഇപ്പോഴും കിട്ടിയിട്ടില്ലെന്നാണു സൂചന.



ആദ്യ വിവാഹത്തിന്റെ സാക്ഷികളെ പലതവണ പൊലീസ് ഫോണിൽ വിളിച്ചിരുന്നു. അന്നത്തെ കൃത്യമായി തീയതി അറിയിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ വിവാഹത്തിൽനിന്നു ദിലീപ് നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണു സൂചന. ആദ്യഭാര്യ ഇപ്പോഴും അജ്ഞാതയായി തുടരുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ദിലീപിന്റെ ആദ്യഭാര്യയെപ്പറ്റിയുള്ള വിവരങ്ങൾ രഹസ്യമാക്കിവച്ചു എന്നാണു പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.6K