06 July, 2017 08:43:40 AM
നടിമാര്‍ മോശമാണെങ്കില്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന് ഇന്നസെന്‍റ്
തൃശ്ശൂര്‍: നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റും എം.പിയുമായ ഇന്നസെന്‍റ്. എന്നാല്‍ തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ല. സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഇന്നസെന്‍റ്. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്നസെന്‍റിന്‍റെ പരാമര്‍ശം.
'ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കെട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത്' - ഇന്നസെന്‍റ് പറഞ്ഞു.
അവസരങ്ങള്‍ക്കുവേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്ന് നടി പാര്‍വ്വതി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നടി ഉന്നയിച്ച ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ഇന്നസെന്‍റ് ഇങ്ങനെ പ്രതികരിച്ചത്. കിടക്ക പങ്കിടുന്നതിനെ കുറിച്ച് തന്‍റെ അഭിപ്രായം നടി റിമ കല്ലിങ്കലും കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.