കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈറ്റിൽ മൂന്നു മലയാളികൾ മരിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി മൂപ്പൻറകത്ത് അബ്ദുറഹ്മാൻ (60), കോഴിക്കോട് ഏലത്തൂർ സ്വദേശി ടി.സി.അബ്ദുൽ അഷ്റഫ് (55), പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ ഗോപാൽ (65) എന്നിവരാണ് മരിച്ചത്.
കുവൈത്ത് കെഎംസിസി അംഗമാണ് അബ്ദുറഹ്മാൻ. ന്യൂമോണിയ ബാധിച്ച് കഴിഞ്ഞദിവസമാണ് ജാബിർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുവൈത്ത് പേൾ കാറ്ററിംഗ് കമ്പനിയിൽ ഷെഫ് ആയിരുന്നു. ഭാര്യ: ലൈല. കോവിഡ് പരിശോധനക്കുശേഷം ഖബറടക്കം സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കുവൈത്ത് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
കൊല്ലങ്കോട് ശ്രീജയിൽ വിജയ ഗോപാൽ മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുവൈറ്റ് മെറ്റൽ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിൽ ക്വാളിറ്റി കണ്‍ട്രോളറായിരുന്നു. ഇദ്ദേഹം 40 വർഷത്തോളമായി കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ: പാർവതി. മക്കൾ: ഡോ. അജയൻ, സഞ്ചയൻ(ന്യൂസിലാൻഡ്).
കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കൗൺസിലറാണ് അബ്ദുൽ അഷ്റഫ്. അമീരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ച്ചയോളമായി അമീരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ:താഹിറ, മകൻ:ജുനൈദ്.
-
ഷാർജ: കോവിഡ് ബാധിച്ചു ഷാർജയിൽ കത്തോലിക്ക വൈദികൻ മരിച്ചു. ഷാർജ സെന്‍റ് മൈക്കിൾസ് പള്ളിയിലെ സ്പിരിച്ചൽ ഡയക്ടർ ഫാ.യൂസഫ് സമി യൂസഫ് (63)ആണ് മരിച്ചത്. ലബനീസ് സ്വദേശിയായ ഇദ്ദേഹം കപ്പുച്ചിൻ സഭാംഗമാണ്. കുറെ ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഈ ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന ചില മലയാളി വൈദികർക്കും രോഗം ബാധിച്ചിരുന്നെങ്കിലും അവർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.
-
ഉഴവൂർ : കോട്ടയം അതിരൂപതാ മെട്രോപൊളിറ്റൻ ആർച്ചു ബിഷപ് മാർ മാത്യു മൂലക്കാട്ടിന്‍റെ മാതൃ സഹോദരൻ കെ.കെ എബ്രഹാം കൈപ്പാറേട്ടിന്‍റെ (കെ. എസ്. ആർ. ടി. സി മുൻ എടിഓ) ഭാര്യ റോസമ്മ (78 - റിട്ടയേർഡ് വില്ലേജ് ഓഫിസർ) ഡങ്കിപ്പനി ബാധിച്ചു മരിച്ചു. ക്നാനായ സുറിയാനി അൽമായ വിശ്വാസ സമിതി മുൻ പ്രസിഡന്‍റ് പരേതനായ ഗീവർഗ്ഗീസ് പുളിക്കന്‍റെ മകളാണ്. വെള്ളിലപ്പള്ളി, രാമപുരം, വള്ളിച്ചിറ, കുറിച്ചിത്താനം വില്ലേജുകളിൽ ഓഫിസറായി ചുമതല വഹിച്ചിട്ടുണ്ട്. ഡങ്കിപ്പനി സ്ഥീരീകരിച്ച് കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ചതോടെ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അന്ത്യം.
മക്കൾ: മുൻ കോട്ടയം ജില്ലാ പഞ്ചായത്തംഗം ഡോ. ബിജു കൈപ്പാറേടൻ, ബീനാ ഷെറി (വനിതാ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഉഴവൂർ), ഡോ. ബെന്നി കൈപ്പാറേടൻ (സീനിയർ സയൻറിസ്റ്റ് & അസ്സോസിയേറ്റ് പ്രൊഫസ്സർ, ബെയ്‌ലർ കോളേജ് ഓഫ് മെഡിസിൻ, ഹൂസ്റ്റൻ, യുഎസ്എ), ബിന്ദു ബിജു (സൗദി അറേബ്യ), പരേതനായ ബിനോയ്. മരുമക്കൾ : സിപിഐ നേതാവ് സിസിലി കൈപ്പാറേടൻ, ഷെറി മാത്യു വെട്ടുകല്ലേൽ (സിപിഎം ഉഴവൂർ ലോക്കൽ സെക്രട്ടറി), മെജു (കാവിൽ, കൈപ്പുഴ - യുഎസ്എ), ബിജു (ചാഴിശ്ശേരിൽ കിടങ്ങൂർ - സൗദി അറേബ്യ). സംസ്കാരം മെയ് 23ന് രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്‍റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ നടക്കും.
-
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് പുതുപ്പടിക്കടുത്തു കാക്കവയൽ ഇടശേരിപ്പറന്പിൽ സ്റ്റാൻലി സിറിയക് (49)ആണ് മരിച്ചത്. പതിനാറു വർഷമായി ലീഡ്സിനടുത്ത് പോന്റിഫ്രാക്ടിലെ നോട്ടിംഗ്ലിയിൽ താമസിച്ചുവരികയായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: മിനി. മക്കൾ: ആൽബിൻ, അഞ്ജലി. ഇതോടെ ബ്രിട്ടനിൽ മരിച്ച മലയാളികളുടെ എണ്ണം പതിനാലായി
-
ചെന്നൈ: തമിഴ്‌നാട്ടിലെ മുതിർന്ന സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കെ വരദരാജൻ (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തമിഴ്‌നാട്ടിലായിരുന്നു അന്ത്യം. 1946 ഒക്ടോബർ നാലിനാണ് വരദരാജൻ ജനിച്ചത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള അദ്ദേഹം 1968ൽ സിപിഐ എം അംഗമായി. 1974ൽ കിസാൻ സഭയുടെ ത്രിച്ചി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 86ൽ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2005 മുതൽ പിബി അംഗമായി. കിസാൻ സഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
-
ലണ്ടന്‍: കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽസ്പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. കഴിഞ്ഞ മൂന്നാഴ്ചയായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സ തുടർന്നിരുന്നത്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ബിഷപ്പ് ഓക്ക്‍ലാൻഡിലെ സ്റ്റേഷൻ ബി മെഡിക്കൽ സെന്‍ററിലെ ജനറൽ പ്രാക്ടീഷണറായിരുന്നു ഡോ. പൂർണിമ. സന്ദർലാൻഡ് റോയൽ ഹോസ്‌പിറ്റൽ സീനിയർ സർജൻ ഡോ. ബാലാപുരിയാണ് ഭർത്താവ്. ഏകമകൻ വരുൺ. പത്തനംതിട്ടയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് ദില്ലിയിലെത്തി അവിടെ സ്ഥിരതാമസമാണ് ഡോ. പൂർണിമയുടെ കുടുംബം.
-
കുന്നംകുളം: കോവിഡ് ബാധിച്ച് കുന്നംകുളം സ്വദേശി ദുബൈയിൽ മരിച്ചു. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ദീർഘകാലമായി ദുബൈയിൽ വർക് ഷോപ്പ് ജീവനക്കാരനായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽ വന്നത്. ഇത്തവണ വരാൻ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയത്. സംസ്കാരം ദുബൈയിൽ നടക്കും. ഭാര്യ: വിജിത. മക്കൾ: ധനജയ്, മഹീന്ദ്രൻ
-
കുവൈറ്റ്: കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെ കുവൈറ്റിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുബാറക് ആശുപത്രിയിലെ കൊവിഡ് ഐസിയു വിഭാഗത്തിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി പ്രിൻസ് ജോസഫ് മാത്യു (33) ആണ് മരിച്ചത്.
-
ഏറ്റുമാനുർ: വൈദ്യുതാഘാതമേറ്റ് കാറ്ററിംഗ് സ്ഥാപനമുടമ മരിച്ചു. മാടപ്പാട് തുണ്ടത്തില്‍ പരേതനായ ദാമോദരന്‍നായരുടെയും ശാന്തമ്മയുടെയും മകനും 'അമ്മ കാറ്ററിംഗ്' ഉടമയുമായ ബിനോയ്മോന്‍ ഡി (വിനോദ് - 51) ആണ് മരിച്ചത്. ഭാര്യ: കടപ്പൂര് സരസ്വതിമന്ദിരത്തില്‍ ശോഭനകുമാരി. മക്കള്‍: അനന്തു (എജെകെ കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ്, കോയമ്പത്തൂര്‍), അശ്വിന്‍ (പാലാ പോളിടെക്നിക് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: പ്രദീപ്കുമാര്‍, ദിലീപ്കുമാര്‍. സംസ്കാരം നാളെ 2ന് വീട്ടുവളപ്പില്‍.
-
റിയാദ്: കോവിഡ് ബാധിച്ച് റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി റിയാദിൽ മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീം കുട്ടി (43) ശുമൈസി ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. റിയാദ് അസീസിയയില്‍ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറിക്കടയില്‍ ജീവനക്കാരനായിരുന്നു.
മൂന്നാഴ്ച മുമ്പാണ് ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. സ്രവ പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. ശരീഫയാണ് മാതാവ്. ഭാര്യ: സജ്‌ന. 10ാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിന്‍ ശരീഫ്, ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാന്‍ എന്നിവര്‍ മക്കളാണ്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
-
വാഷിംഗ്ടണ്‍: അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചികിത്സയിൽ ആയിരുന്ന ചെങ്ങന്നൂർ കല്ലിശേരി സ്വദേശി മണലേത്ത് പൗവ്വത്തിൽ പടിക്കൽ തോമസ് ഏബ്രാഹമാണ് മരിച്ചത്.
-
കുവൈത്ത്: കോവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി മരിച്ചു. കോഴിക്കോട് കുന്ദമംഗലം പുത്തൂര്‍മഠം മീത്തല്‍ പറമ്പ് സ്വദേശി അഹമ്മദ് ഇബ്രാഹിം(57) ആണ് മരിച്ചത്. കുവൈത്തിലെ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിച്ചത്.
കിച്ചണ്‍ കബോര്‍ഡ് കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു അഹമ്മദ് ഇബ്രാഹിം. രോഗം ബാധിച്ച ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.
അഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്ക്കരിക്കും. ഭാര്യ ഇമ്പിച്ചി ബീവി.
-
അബുദാബി: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസര്‍ഗോഡ് മേല്‍പറമ്പ് സ്വദേശി മുഹമ്മദ് നസീര്‍(56) ആണ് മരിച്ചത്. അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് നസീര്‍.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ ഉള്‍പ്പടെ ഒമ്പതു പേരാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 50 ആയി.
-
കോട്ടയം : ജോലി തേടി കുവൈറ്റില്‍ എത്തിയ കോട്ടയം സ്വദേശിനി മരിച്ച നിലയില്‍. പാറമ്പുഴ സംക്രാന്തി മാമ്മൂട് തെക്കനായില്‍ സുമി (37) ആണ് കുവൈറ്റില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. മെയ് രണ്ടിന് മരിച്ച നിലയില്‍ ഇവരെ കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് എങ്കിലും പെട്ടെന്നുണ്ടായ മരണത്തില്‍ അസ്വാഭാവികതയും ആരോപിക്കപ്പെടുന്നുണ്ട്.
ആറ് മാസം മുന്‍പാണ് ഹോം നേഴ്‌സായി സുമി കുവൈറ്റിലെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ട് മക്കളുണ്ട്. സാമ്പത്തികസ്ഥിതി പരിതാപകരമായതിനെ തുടര്‍ന്നാണ് വീട്ടുജോലിക്കായി കുവൈറ്റിലെത്തിയത്. എന്നാല്‍ ജോലി ലഭിക്കാതെ മാസങ്ങളായി ഇവര്‍ എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് വിവരം. എംബസിയില്‍ നിന്നാണ് സുമിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചതെന്നാണ് അറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ സഹായം തേടുകയാണ്.
-
അബുദാബി: യുഎഇയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് ജേക്കബ് പനയാറ (ഷാജി - 44) ആണു മരിച്ചത്.
-
അബുദാബി: യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദ്ദീൻ കുളത്തുവട്ടിലാണ് മരിച്ചത്. ദുബായി അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 24 മണിക്കൂറിനിടെ നാല് മലയാളികളാണ് യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 44 ആയി
-
പേരൂർ : നെല്ലിക്കൽ (ശങ്കരമംഗലം) വാസുദേവ൯നായരുടെ ഭാര്യ ലീലാമ്മ (89) അന്തരിച്ചു. മക്കൾ: ഗീത, ബിന, ഇന്ദു, അനില, മുരളിധരൻ നായർ. മരുമക്കൾ: ശങ്കരൻ നായർ, വിജയ മോഹനൻ, വിശ്വനാദ്, രവീന്ദ്രൻ, ബിനാ മുരളി. സംസ്കാരം ഇന്ന് പകല്‍ 2 മണിക്ക് പാറേക്കടവിലുള്ള വിട്ടുവളപ്പിൽ.
-
ന്യൂയോര്‍ക്ക് : കോവിഡ് 19 വൈറസ് ബാധിച്ച് അമേരിക്കയില്‍ എട്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ഗീവര്‍ഗീസ് പണിക്കര്‍, മാര്‍തോമ സഭ വൈദികനായ കൊട്ടാരക്കര സ്വദേശി ഫാദര്‍ എം. ജോണ്‍, പാലാ സ്വദേശി സുനീഷ് - ദീപ ദമ്പതികളുടെ മകന്‍ അദ്വൈത് എന്നിവരാണ് മരിച്ചത്.
ഗീവര്‍ഗീസും വൈദികന്‍ എം. ജോണും ഫിലാഡല്‍ഫിയയിലും അദ്വൈത് ന്യൂയോര്‍ക്കിലുമാണ് മരിച്ചത്. നഴ്സുമാരായ മാതാപിതാക്കള്‍ക്കു പിന്നാലെ കോവിഡ് ബാധിച്ച അദ്വൈതിനെ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫിലാഡല്‍ഫിയയിലെ പണിക്കര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമയാണ് ഗീവര്‍ഗീസ് എം. പണിക്കര്‍.
-
അബുദാബി: കൊവിഡ് 19 വൈറസ് ബാധമൂലം യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി റോഷന്‍കുട്ടി (48) യാണ് മരിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി ഇദ്ദേഹം അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്.
കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ച മറ്റൊരു മലയാളിയാണ് ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫ (63). റാസല്‍ഖൈമയില്‍ വെച്ചായിരുന്നു മരണം. റാക്സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 22 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇന്‍ര്‍നാഷണല്‍ കമ്ബനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 39 ആയി.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധമൂലം 361 പേരാണ് മരിച്ചത്. സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം കാല്‍ ലക്ഷം കടന്നു. 25,459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 176 പേരാണ് ഇവിടെ മരിച്ചത്.
-
ദില്ലി: ലോക്പാല്‍ സമിതി അംഗവും മുന്‍ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എ.കെ,ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു.. 62 വയസായിരുന്നു. ഡല്‍ഹി. എയിംസില്‍ ഏപ്രില്‍ രണ്ടുമുതല്‍ ചികിത്സയിലായിരുന്നു. ജസ്റ്റിസ് ത്രിപാഠിയുടെ മകള്‍ക്കും പാചകക്കാരനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എയിംസിലെ ട്രോമാ കെയര്‍ സെന്ററില്‍ ഐ.സിയുവിലായിരുന്നു ത്രിപാഠി. ആരോഗ്യനില ഗുരുതരമായിരുന്നതിനെതുടര്‍ന്ന് വെന്റിലേറ്ററായിരുന്ന ത്രിപാഠി ഇന്ന് രാത്രി 8.45നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
-
കുവൈറ്റ് സിറ്റി: കോട്ടയം സ്വദേശി കുവൈറ്റിൽ മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് നന്തികാട്ട് ജേക്കബിന്റെ മകൻ പ്രമോദ് ജേക്കബ് (40) ആണ് വെള്ളിയാഴ്ച അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ചത്. ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചതെന്നാണു പ്രാഥമിക നിഗമനം. പോലീസ് എത്തിയശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്. ഷുവൈഖിലെ സ്വകാര്യ ഫാബ്രിക്കേഷൻ കന്പനിയിൽ സെയിൽസ്മാനായിരുന്നു ഇദ്ദേഹം. എസ്എംസിഎ അബ്ബാസിയ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ ജിനിഷ. മക്കൾ അമേയ, ജിയാന.
-
ലണ്ടൻ: കോവിഡ്-19 ബാധിച്ച് യുകെയിൽ മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിന(62) ആണ് മരിച്ചത്. ഓക്സ്ഫോഡിൽ നഴ്സായിരുന്നു. രോഗികളെ പരിചരിക്കുന്നതിനിടയിൽ ഒരു മാസം മുമ്പാണ് രോഗം ബാധിച്ചത്. ഭർത്താവ് ജോസഫ് വർക്കിക്ക് രോഗം വന്നു ഭേദമായിരുന്നു. കുറവിലങ്ങാട് വീടു വച്ച് ഒരു വർഷം താമസിച്ച ശേഷം തിരിച്ചു പോകുകയായിരുന്നു. മക്കൾ: ജിം ജോസഫ്(യുഎസ്എ) ജെസ്സി ജോസഫ് (കാനഡ), ജെറിൻ ജോസഫ്(യുകെ). മരുമകൾ : അനു.
-
അബുദാബി: കോവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി കേശവനാണ് (67) മരിച്ചത്. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 24 ആയി.
-
കൊച്ചി: ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ 1.38നായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു. ഭൗതിക ശരീരം മുവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രലില്‍ നടക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ചാകും സംസ്കാരം.
വർഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മൂന്നുവർഷമായി കിഡ്നി സംബന്ധമായ അസുഖത്തിനും ചികിത്സതേടിയിരുന്നു. മുരിക്കാശേരി അൽഫോൻസ, അടിമാലി മോർണിംഗ്സ്റ്റാർ, എറണാകുളം ലിസി, രാജഗിരി, കോലഞ്ചേരി മെഡിക്കൽ മിഷൻ തുടങ്ങിയ ആശുപത്രികളിൽ ചികിത്സ നടത്തിയിരുന്നു. അവസാന കാലത്ത് മോർണിംഗ് സ്റ്റാർ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലുമായിരുന്നു ചികിത്സ. രണ്ടാഴ്ച മുന്‍പ് അടിമാലിയിൽനിന്നും കോലഞ്ചേരിയിലെത്തിച്ച പിതാവിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. 2003ൽ കോതമംഗലം രൂപത വിഭജിച്ച് രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു കാലം ചെയ്ത മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഇടുക്കിയുടെ സമസ്ഥമേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.
-
ലോകപ്രശ്സ്ത സ്വീഡിഷ് കുറ്റാന്വേഷണ എഴുത്തുകാരിയായ മാജ് ഷൊവാൾ (84) അന്തരിച്ചു. ഷൊവാളും ഭർത്താവ് പെർ വൗളു ചേർന്ന് രചിച്ച കുറ്റാന്വേഷണ നോവലുകൾക്ക് ലോകത്താകമാനം ആരാധകരുണ്ട്. കുറ്റാന്വേഷണ നോവൽ രചനയിൽ Nordic Noir എന്ന ജോണറിന് തുടക്കം കുറിച്ചത് ഈ സ്വീഡിഷ് ദമ്പതികളാണ്.കുറ്റവാളി ആരായിരിക്കും, എങ്ങനെ കുറ്റകൃത്യം നടത്തി തുടങ്ങിയ പരമ്പരാഗത കുറ്റാന്വേഷണ രചനകളുടെ രീതികളിൽ നിന്നും മാറി നരേഷനിലും കഥാപാത്ര സവിശേഷതകളിലും കൂടുതൽ ഊന്നൽ നൽകുന്ന രചന രീതിയാണ് Nordic Noir.സ്റ്റോക്ക്ഹോം നാഷണൽ ഹോമിസൈഡ് ബ്യൂറോയിലെ ഡിറ്റക്ടീവായ മാർട്ടിൻ ബെക്കിനെയും സംഘത്തെയും കേന്ദ്രീകരിച്ച് എഴുതിയ പത്ത് കുറ്റാന്വേഷണ നോവലുകളുടെ പരമ്പരയാണ് മാജ് ഷൊവാളിനെയും പെർ വൗളുവിനെയും പ്രശസ്തരാക്കിയത്.റോസന്ന, ദ ലാഫിങ് പോലീസ് മാൻ, ദ അബോമിനബിൾ മാൻ എന്നീ രചനകൾ റിയലിസ്റ്റിക്ക് രചനാരീതി കൊണ്ട് വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടവയാണ്. പിന്നീട് വളർന്നുവന്ന നിരവധി കുറ്റാന്വേഷണ എഴുത്തുകാർക്ക് ഈ പുസ്തകങ്ങൾ പ്രചോദനമായി മാറി.1935ൽ സ്റ്റോക്ക്ഹോമിൽ ജനിച്ച മാജ് ഷൊവാൾ ജേർണലിസവും ഗ്രാഫിക്സുമാണ് പഠിച്ചത്. വിവർത്തകയായും കലാ സംവിധായികയായും മാധ്യമപ്രവർത്തകയായും അവർ ജോലി ചെയ്തു. 1961 ലാണ് അന്നത്തെ പ്രശസ്ത രാഷ്ട്രീയ പത്രപ്രവർത്തകനായിരുന്ന പെർ വൗളുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ചേർന്ന് എഴുത്തിലേക്ക് തിരിയുകയായിരുന്നു. ഭർത്താവ് പെർ വാഹ്ലു 1975 ൽ മരണപ്പെട്ടു.
-
മുംബൈ: ബോളിവുഡ് ഇതിഹാസം ഋഷി കപൂർ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസ്സത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നുഒരു വർഷത്തോളം അദ്ദേഹം അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് യു.എസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയിൽ തിരികെ എത്തിയത്.
ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. "അദ്ദേഹം പോയി. ഞാൻ ആകെ തകർന്നിരിക്കുകയാണ്." എന്ന് അമിതാഭ് ബച്ചൻ കുറിച്ച വാക്കുകളിലൂടെയാണ് ഋഷി വിടവാങ്ങിയ വിവരം ലോകമറിയുന്നത്.
നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോബി എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമയുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ താരമാണ് ഋഷി. നീതു സിംഗാണ് ഭാര്യ. നടൻ രൺബീർ കപൂർ മകനും റിഥിമ കപൂർ മകളുമാണ്.
-
അബുദാബി: ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി മരിച്ചു. കുവൈറ്റിൽ രണ്ടും അബുദാബിയിൽ ഒരാളുമാണ് മരിച്ചത്. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ , കെഎംസിസി തുടങ്ങിയവയുടെ ഭാരവാഹിയായിരുന്ന തൃശൂർ തിരുവന്ത്ര സ്വദേശി പി.കെ. കരീം ഹാജി (62), ബദർ അൽ മുല്ല കമ്പനി ജീവനക്കാരനായിരുന്ന പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പൻ (52), തൃശൂർ വല്ലപ്പാട് സ്വദേശി അബ്ദുല്ല ഗഫൂർ എന്നിവരാണ് മരിച്ചത്. കരീം ഹാജി അബുദാബിയിലും രാജേഷും അബ്ദുല്ല ഗഫൂറും കുവൈറ്റിലുമാണ് മരിച്ചത്.
നേരത്തെ, പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയായ അധ്യാപിക പ്രിൻസി റോയ് മാത്യുവും (46) അബുദാബിയിൽ കോവിഡ് ചികിത്സയ്ക്കിടെ മരിച്ചിരുന്നു. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 22 ആയി. കേരളത്തിനു പുറത്തു മരിച്ചവരുടെ എണ്ണം 67 ആയി.
-
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബുദാബിയിലൈ ഇന്ത്യൻ സ്കൂളിലെ അധ്യാപിക ആയിരുന്നു.
-
മുംബൈ: ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 54 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധിരുഭായ് അംബാനി ആശുപത്രിയിൽ വൻകുടലിലെ കാൻസറിന് ചികിത്സയിലായിരിക്കവെയാണ് അന്ത്യം. 2018ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തുകയായിരുന്നു. 2019 ൽ കൂടുതൽ നാളും ചികിത്സയിലായിരുന്നതിനാൽ ആൻഗ്രേസി മീഡിയം എന്ന ചിത്രം മാത്രമാണ് ഇർഫാൻ അഭിനയിക്കാമെന്നേറ്റത്.
മരണ വാർത്ത ആദ്യ ട്വീറ്റ് ചെയ്തത് ചലച്ചിത്രകാരൻ ഷൂജിത്ത് സിർക്കാർ ആണ്. "എന്റെ പ്രിയപ്പെട്ട ഇർഫാൻ, നീ ഒരുപാട് പൊരുതി. എന്നും ഞാൻ നിന്നെയോർത്ത് അഭിമാനിക്കും. നമ്മൾ വീണ്ടും കാണും..." ഷൂജിത്തിന്റെ ട്വീറ്റിൽ പറയുന്നു.
ആദ്യ ചിത്രമായ സലാം ബോംബെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു. ഓസ്കാർ ചിത്രമായ സ്ലംഡോഗ് മില്യനെയറിലും ഇർഫാൻ പ്രധാന കഥാപാത്രമാണ്. ഒട്ടനവധി ഹോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മഖ്‌ബൂൽ (2004), പാൻ സിംഗ് തോമർ (2011), ദി ലഞ്ച്ബോക്സ് (2013), ഹൈദർ (2014), ഗൺഡേ (2014), പികു (2015) and തൽവാർ (2015) ഹിന്ദി മീഡിയം (2017) തുടങ്ങിയവ ഇർഫാന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
-
തൃശൂർ: പുറനാട്ടുകര സ്വദേശി ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. മഠത്തിപ്പറമ്പിൽ രാമകൃഷ്ണന്‍റെ മകൻ ശിവദാസൻ (42) ആണ് മരിച്ചത്. 2 വർഷം മുൻപാണ് ഗൾഫിലേക്കു പോയ ശിവദാസന്‍ ദുബായിൽ കാർ ഡ്രൈവറാണ്.
-
ബെർലിൻ: ജർമനിയിലെ കൊളോണില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. ജർമനിയിലെ കൊളോണിൽ നഴ്സായ അങ്കമാലി മൂക്കന്നൂർ പാലിമറ്റം പരേതനായ ജോസഫിന്‍റെ മകള്‍ പ്രിൻസി സേവ്യർ (54) ആണ് മരിച്ചത്. ചങ്ങനാശേരി വെട്ടിത്തുരുത്ത് കാർത്തികപ്പിള്ളിൽ സേവ്യറാണ് ഭർത്താവ്. മകൾ: ആതിര. സംസ്കാരം ജര്‍മനിയില്‍ നടത്തും.
-
അഹമ്മദാബാദ്: കോവിഡ്-19 വൈറസ് ബാധിച്ച് ഗുജറാത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് മരിച്ചു. അഹമ്മദാബാദ് കോർപ്പറേഷൻ കൗൺസിലറായ ബദറുദ്ദീൻ ഷെയ്ഖ് (68) ആണ് മരിച്ചത്. കോവിഡിനെ തുടർന്ന് എട്ടു ദിവസം മുന്‍പാണ് അഹമ്മദാബാദിലെ എസ്വിപി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനുശേഷം ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു.
-
ഹൈദരാബാദ്: ആന്ധ്രയിലെ 'രണ്ടു രൂപ' ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. പണത്തെക്കാളും മനുഷ്യത്വത്തിന് പ്രാധാന്യം നൽകി ദരിദ്രർക്ക് കരുതലും ആശ്വാസവുമായിരുന്ന കുർണൂലിലെ ഡോ.ഇസ്മായിൽ ഹുസൈനാണ് മരിച്ചത്. ആരോഗ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അസുഖബാധിതനായി ചികിത്സ തേടിയത്. മരണശേഷമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗികളിൽ നിന്ന് ചികിത്സാ ഫീസായി വെറും രണ്ടു രൂപ മാത്രം വാങ്ങിയിരുന്ന ഡോക്ടർ രാജ്യത്ത് തന്നെ വലിയ ചർച്ചയായിരുന്നു. രോഗികളിൽ നിന്ന് അദ്ദേഹം ഫീസ് ചോദിച്ച് വാങ്ങിയിരുന്നില്ല. വരുന്നവർ എന്ത് നൽകുന്നുവോ അത് സ്വീകരിക്കാറാണ് പതിവ്. ചികിത്സയ്ക്കെത്തുന്നവർ പതിവായി രണ്ടു രൂപ നല്‍കിത്തുടങ്ങിയതോടെയാണ് ഡോ.ഇസ്മായിൽ ഹുസൈന്‍ രണ്ടു രൂപ ഡോക്ടര്‍ എന്നറിയപ്പെടാൻ തുടങ്ങിയത്.
പണ്ട് തുടങ്ങിയ ശീലം അവസാനകാലം വരെയും ഡോക്ടർ മാറ്റമില്ലാതെ തുടർന്നിരുന്നു. ഇദ്ദേഹത്തിന് സമീപം എപ്പോഴും ഒരു പെട്ടിയുണ്ടാകും. കാണാനെത്തുന്ന രോഗികൾക്ക് അതിൽ ഇഷ്ടമുള്ള തുകയിടാം. ചില്ലറയായോ നോട്ടായോ ഇതൊന്നും ഡോക്ടർ ശ്രദ്ധിക്കാറു പോലുമില്ല എന്നാണ് നാട്ടുകാർ തന്നെ പറയുന്നത്.
-
തെള്ളകം: പൊന്‍മാങ്കല്‍ പരേതനായ പി.ജെ.ദേവസ്യായുടെ മകന്‍ പി.ഡി.ജോയി (62) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി കാരിത്താസ് യൂണിറ്റ് പ്രസിഡന്‍റ്, കെവിവിഇഎസ് കോട്ടയം ജില്ലാ സെക്രട്ടറി, ഹോട്ടല്‍ വ്യവസായി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കോണ്‍ഗ്രസ് ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി, സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസര്‍, അതിരമ്പുഴ പ്രിയദര്‍ശിനി ഹില്‍സ് ലയണ്‍സ് ക്ലബ് പ്രസിഡന്‍റ്, പൊന്‍മാങ്കല്‍ കുടുംബയോഗം പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ചെറുവാണ്ടൂര്‍ കല്ലുതുണ്ടത്തില്‍ കുടുംബാംഗം എല്‍സമ്മ, മക്കള്‍: എല്‍ജോ ജീവന്‍ ജോസ് (അസോസിയേറ്റ് സയന്‍റിസ്റ്റ്, ബിക്സ്കോണ്‍ കമ്പനി ലിമിറ്റഡ്, ബംഗളൂരു), ജിതിന്‍ ജിറ്റോ ജോസ് (ബംഗളൂരു), മരുമകള്‍: റിങ്കു എല്‍ജോ (എംഓഎച്ച്, സൌദി). സംസ്കാരം നാളെ 3ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം തെള്ളകം പുഷ്പഗിരി സെന്‍റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയില്‍.
-
തിരുവനന്തപുരം: നടൻ രവി വള്ളത്തോൾ (67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് സീരിയൽ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോൾ നാരായണ മേനോന്‍റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
നാടകാചാര്യൻ ടി. എൻ.ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഭാര്യ: ഗീതലക്ഷ്മി.
ടി.എൻ. ഗോപിനാഥൻ നായരുടെ മൂന്ന് മക്കളിൽ മൂത്തവനായി ജനിച്ച രവിയുടെ വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. 1996ൽ ദൂരദർശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛൻ ടി.എൻ.ഗോപിനാഥൻ നായർ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടർന്ന് നൂറിലേറെ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചു.
ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോൾ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഏതാണ്ട് അമ്പതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുന്നാളിലെ ഗായകന്‍റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ൽ പുറത്തിറങ്ങിയ ദി ഡോൾഫിൻസാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം. സിബി മലയിലിന്‍റെ നീവരുവോളം, സിദ്ധിഖ് ലാലിന്‍റെ ഗോഡ്ഫാദർ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഇരുപത്തിയഞ്ചോളം ചെറുകഥകൾ രചിച്ചിട്ടുണ്ട്.ഇതിൽ ഏതാനും കഥകൾ ടെലിവിഷൻ പരമ്പരകളുമായിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് സിനിമയാക്കി. അമേരിക്കൻ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.
-
ഏറ്റുമാനൂര്‍: ആക്കാക്കുന്നേൽ എ.കെ.രവീന്ദ്രന്‍ (68) അന്തരിച്ചു. ഭാര്യ: പാലാ പുതുപള്ളിയേല്‍ കുടുംബാംഗം വല്‍സല (ഡോ. പൽപു കുടുംബ യൂണിറ്റ് വനിതാ സംഘം കമ്മറ്റി അംഗം). മക്കള്‍: രമ്യ, രേഷ്മ (ഇരുവരും കുവൈറ്റ്), മരുമക്കള്‍: അഭിലാഷ്, പ്രവീണ്‍
-
ദുബായ്: കോവിഡ്-19 വൈറസ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചേറ്റുവ സ്വദേശി ഷംസുദ്ദീൻ (65) ആണ് മരിച്ചത്. ദുബായിലെ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജീവനക്കാരനാണ്
-
അബുദാബി: മലയാളി യുവാവ് കൊറോണ ബാധിച്ച് മരിച്ചു. പത്തനംതിട്ട കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ അജി ഗോപിനാഥ് (42) ആണ് മരിച്ചത്. യൂണിവേഴ്‌സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ജോണ്‍സണ്‍ ഐ ടി സി മുന്‍ അധ്യാപകനും റേഡിയോ മെക്കാനിക്കുമായ പാടിമണ്‍ തടത്തേല്‍ ഗോപിനാഥന്റെയും ഓമനയുടെയും മകനാണ്. വായ്പൂര് പെരുമ്പാറ തോങ്കടയില്‍ കുടുംബാംഗം രേഖ (സോനു) യാണ് ഭാര്യ. മക്കള്‍ അനഞ്ജയ്(6) ഹണി (4). ഭാര്യയും മക്കളും ഭാര്യാമാതാവ് വായ്പൂര് പെരുമ്പാറ തോണ്ടറയില്‍ ശാന്തമ്മയും അബുദാബിയിലുണ്ട്. ഇവര്‍ അവിടെ നിരീക്ഷണത്തിലാണ്. 12 വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിയില്‍ പ്രവേശിച്ചത്.
യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 11 ആയി. ഗൾഫിൽ ഇതുവരെ 15 മലയാളികളാണ് രോഗബാധിതരായി മരിച്ചത്. കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 42 ആയി.
-
കണ്ണൂര്‍: കൊവിഡ് 19 സംശയിച്ച് ചികിത്സ തേടിയ യുവാവ് യുഎഇയിലെ അജ്മാനില്‍ മരിച്ചു. പെരിങ്ങത്തൂര്‍ പുളിയനമ്പ്രം പുതിയ റോഡില്‍ വലവീട്ടില്‍ മീത്തല്‍ മൊയ്തീന്റെയും കടവത്തൂര്‍ എടവന ആയിശയുടെയും മകന്‍ ഷക്കീര്‍ (37) ആണ് മരിച്ചത്. പനി ബാധിച്ച് അജ്മാന്‍ ജിഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ടിനു ന്യൂമോണിയ സ്ഥിരീകരിക്കുകയും പിന്നീട് കൊവിഡിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും ഇവര്‍ വ്യക്തമാക്കി. അജ്മാനിലെ കൊക്കക്കോള കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സലീന (ഇരഞ്ഞിന്‍കീഴില്‍). മക്കള്‍: ഫാത്തിമ ഷക്കീര്‍, സമാ മെഹ്ബിന്‍, അബ്ദുല്ല. സഹോദരങ്ങള്‍: ഉബൈദ്, മുനീര്‍ (ഇരുവരും ദുബയ്). കബറടക്കം അജ്മാനില്‍.
-
കൊല്ലം: ടെലിവിഷൻ കലാകാരൻ ഷാബുരാജ് അന്തരിച്ചു. ഹൃദയഘാതത്തെ തുടർന്ന് കൊല്ലത്തെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച ഷാബുവിന്റെ സുഹൃത്തുക്കളാണ് സോഷ്യൽ മീഡിയ വഴി മരണവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹൃദയാഘാതത്തെ തുടർന്ന് ഷാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിർധന കുടുംബാംഗമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു സുഹൃത്തുക്കൾ. അതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. നാല് മക്കളാണ് ഷാബുവിന്. ആ കുരുന്നുകളുടെ പോലും പ്രാർത്ഥന കെട്ടില്ലാല്ലോയെന്നാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.