
കോട്ടയം: ജില്ലാ പഞ്ചായത്തംഗവും ജനപക്ഷം നേതാവുമായ ലിസി സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ പറമ്പിൽ അന്തരിച്ചു. 57 വയസായിരുന്നു. രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. കളത്തൂക്കടവ് ഇളംതുരുത്തിയിൽ കുടുംബാഗമാണ്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പി സി ജോർജ് എംഎൽഎ നയിക്കുന്ന ജനപക്ഷം പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പൂഞ്ഞാർ എംഎൽഎ പി സി ജോർജിനോടൊപ്പം ഉറച്ചുനിന്ന രാഷ്ട്രീയ നിലപാടായിരുന്നു ലിസിയുടേത്.
കോട്ടയം ജില്ലാ പഞ്ചായത്തിലെ പല ഭരണ പ്രതിസന്ധി ഘട്ടങ്ങളിലും വലിയ വാഗ്ദാനങ്ങളുമായി പലരും സമീപിച്ചെങ്കിലും ലിസി തന്റെ നിലപാടിൽ ഉറച്ചുനിന്നു. പൂഞ്ഞാർ ഡിവിഷനിൽ നിന്നാണ് 2015ൽ ലിസി സെബാസ്റ്റ്യൻ ജില്ലാ പഞ്ചായത്തിലേക്ക് എത്തിയത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മിയെ പരാജയപ്പെടുത്തിയ ലിസിയുടെ വിജയം ഏറെ ശ്രദ്ധ നേടിയിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10 മണിയ്ക്ക് പൂഞ്ഞാർ പയ്യാനിത്തോട്ടത്തിലുള്ള സ്വവസതിയിൽ എത്തിക്കും. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2.30 ന് പയ്യാനിത്തോട്ടം സെൻ്റ് അൽഫോൻസാ പള്ളിയിൽ.