ഏറ്റുമാനൂര്‍: ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയ ദിവസം തന്നെ ഏറ്റുമാനൂരില്‍ മരിച്ച യുവാവിന്‍റെ മരണകാരണം കോവിഡ് അല്ലെന്ന് സ്ഥിരീകരിച്ചതായി തെള്ളകത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചു. വെട്ടിമുകള്‍ പുന്നത്തുറ കവല ഭാഗത്ത് പുളിങ്ങാപ്പള്ളില്‍ സെബാസ്റ്റ്യന്‍ ജോര്‍ജിന്‍റെ (കുട്ടപ്പന്‍) മകന്‍ ടിനി സെബാസ്റ്റ്യന്‍ (32) ആണ് ഇന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രാത്രി 11.15 മണി കഴിഞ്ഞാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം സ്രവം എടുത്ത് പരിശോധിച്ചതിന്‍റെ ഫലമാണ് നെഗറ്റീവായത്. ദില്ലിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അന്ധനായ ടിനി വീട്ടില്‍ 14 ദിവസം ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയത് ഞായറാഴ്ചയാണ്.
തിങ്കളാഴ്ച രാവിലെ മാതാപിതാക്കളോടൊപ്പം ഏറ്റുമാനൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തി ക്വാറന്‍റയിന്‍ പൂര്‍ത്തിയാക്കിയതിനുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി. വീട്ടിലെത്തിയശേഷം ദേഹാസ്വാസ്ഥ്യമുണ്ടായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസം മുട്ടലുമായാണ് രാവിലെ 11.30 മണിയോടെ ആശുപത്രിയിലെത്തിയ ടിനി 2 മണിയോടെ അത്യാഹിതവിഭാഗത്തില്‍വെച്ച് തന്നെ മരിക്കുകയായിരുന്നു. ഗൃഹനിരീക്ഷണത്തിലായിരുന്ന സമയത്ത് കോവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തുമ്പോഴും രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മങ്കോമ്പ് കണ്ടത്തില്‍ കുടുംബാംഗം ലൈസമ്മയാണ് മരിച്ച ടിനിയുടെ മാതാവ്. സഹോദരങ്ങള്‍: ടിഷ് മോന്‍ സെബാസ്റ്റ്യന്‍, ടിന്നുമോന്‍ സെബാസ്റ്റ്യന്‍.