പാലാ : രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ റിട്ട. അദ്ധ്യാപകനും കോണ്‍ഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്‍റും എന്‍സിപി ജില്ലാ പ്രസിഡന്‍റുമായിരുന്ന രാമപുരം ജയാനിവാസില്‍ വി.കെ. കുമാരകൈമള്‍ (വള്ളിച്ചിറ കുമാര്‍ - 85) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം പാലായിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 8.30 മണിയോടെ ആയിരുന്നു അന്ത്യം. 1954 മുതല്‍ ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഈ മാതൃകാ അധ്യാപകന്‍ സാമൂഹിക - സാംസ്കാരികമേഖലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിട്ടുള്ളത്. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ അംഗം, ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, സംസ്ഥാന വിദ്യാഭ്യാസ ഉപദേശകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ദീര്‍ഘകാലം കരൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
മികച്ച ലൈബ്രറി പ്രവര്‍ത്തകനുള്ള കേരള സാഹിത്യ അക്കാഡമി അവാര്‍ഡും പ്രൊഫ. രമേശ് ചന്ദ്രന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ താളിയോലരേഖാ മ്യൂസിയം തയ്യാറാക്കുന്നതിനുള്ള സാങ്കേതിക ഉപദേശകസമിതി അംഗമായി കഴിഞ്ഞ ഏപ്രിലില്‍ നിയോഗിച്ചിരുന്നു. ലേബര്‍ ഇന്ത്യ പ്രസിദ്ധീകരണങ്ങളുടെ കണ്‍സള്‍ട്ടന്‍റ് എഡിറ്ററായിരുന്നു. അരനൂറ്റാണ്ട് മുമ്പ് വള്ളിച്ചിറ കുമാര്‍ എന്ന പേരില്‍ കഥാപ്രസംഗരംഗത്തും സജീവമായിരുന്നു. യൂത്ത്ഫെസ്റ്റിവല്‍, സംഖ്യാശബ്ദസൗന്ദര്യം, മൊഴിമുത്തുകളുടെ തേന്‍മഴ തുടങ്ങി പത്തോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
പാലാ വള്ളിച്ചിറ വള്ളിയില്‍ നാരായണന്‍ നമ്പൂതിരിയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: രാമപുരം ത്രായപ്പള്ളില്‍ കുടുംബാംഗം കെ.ഭവാനിയമ്മ (റിട്ട ഹെഡ്മിസ്ട്രസ്, രാമപുരത്തുവാര്യര്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍, രാമപുരം), മക്കള്‍: വി.കെ.ജയശ്രീ (റിട്ട ജോയിന്‍റ് രജിസ്ട്രാര്‍, സഹകരണവകുപ്പ്), വി.കെ.രാജീവ് (സെക്രട്ടറി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്, ഇടുക്കി), മരുമക്കള്‍: ഗോപകുമാര്‍, മഠത്തിക്കുഴിയില്‍, പേരൂര്‍ (റിട്ട സ്റ്റേഷന്‍ എഞ്ചിനീയര്‍, ദൂരദര്‍ശന്‍, തിരുവനന്തപുരം), ഗീതാകുമാരി (ലക്ചറര്‍, ടിടിവിഎച്ച്എസ്, മൂവാറ്റുപുഴ). സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പില്‍.