31 July, 2026 08:54:35 AM


സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ ഒളിപ്പിച്ചു; യുവതിയും സുഹൃത്തും പിടിയിൽ



കൊച്ചി: മെൻസ്ട്രൽ കപ്പിനുള്ളിൽ വിദഗ്ധമായി എംഡിഎംഎ ഒളിപ്പിച്ച് കടത്തുന്ന യുവതിയും സുഹൃത്തും പിടിയിൽ. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് വിപണിയിൽ 94.032 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. വിപണിയിൽ ഇതിന് ലക്ഷങ്ങൾ വിലവരും.

ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എറണാകുളം സൗത്തിലുള്ള ലോഡ്ജിൽ നിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആണ് എക്സൈസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തത്. മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം പശവച്ച് അടച്ച ശേഷം ഇത് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തുകയാണ് സരിത ചെയ്തിരുന്നത്.

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്ന വഴി കണ്ണൂർ ഇരിട്ടിയിൽ പരിശോധന നടന്നിരുന്നു. തുടർന്ന് ഷാഫി കൈയിലുണ്ടായിരുന്ന ലഹരിവസ്തു എറിഞ്ഞുകളഞ്ഞെങ്കിലും സരിത മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നതിനാൽ എക്സൈസ് പരിശോധനയിൽ ലഹരി കണ്ടെത്താനായില്ല. തുടർന്ന് ഈ രാസലഹരിയുമായാണ് ഇരുവരും വിൽപനയ്ക്കായി എറണാകുളത്ത് എത്തിയത്.

എറണാകുളത്തെ മുറിയിൽ എക്സൈസ് പരിശോധന നടക്കുമ്പോൾ സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽക്കാൻ പോയിരിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് സംഘം സരിത തിരിച്ചെത്താൻ കാത്തിരുന്നു. എറണാകുളത്ത് എത്തിയ സരിതയെ രാത്രി 10.30 ഓടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിൽപനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം പ്രതിയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയായിരുന്നു.

ആകെ 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈൽ ഫോണും ലഹരി വിൽപനയിൽ നിന്ന് ലഭിച്ച 17,770 രൂപയും എക്സൈസ് പിടിച്ചെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിൽപന നടത്തിയിരുന്നത്.
മുൻപ് ഹോംനഴ്സായി ജോലി ചെയ്തിരുന്ന ആളാണ് സരിത. ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് ഷാഫി. ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങിയ ആളുകളെക്കുറിച്ചും എക്സൈസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K