07 November, 2025 11:25:16 AM
ഫിസിയോ തെറാപിസ്റ്റുകളും ഒക്യുപേഷണൽ തെറാപിസ്റ്റുകളും ഡോക്ടര്‍മാരല്ല- ഹൈക്കോടതി

കൊച്ചി: അംഗീകൃത മെഡിക്കൽ ബിരുദമില്ലാത്ത ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ' എന്ന് ചേർക്കുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി. തെറാപ്പിസ്റ്റുകൾ ഈ പദം ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് വി.ജി. അരുൺ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. 1916-ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രീസ് ആക്ട് പ്രകാരം തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' എന്ന് ചേർക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
തെറാപ്പിസ്റ്റുകൾ 'ഡോക്ടർ' എന്ന് ചേർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിൽ നാഷണൽ മെഡിക്കൽ കമ്മീഷനടക്കം ഹൈക്കോടതി നോട്ടീസയച്ചു. കേസ് ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.







