06 November, 2025 07:27:46 PM
കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക വാതകശ്മശാന നിർമാണത്തിന് തുടക്കം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ ആധുനിക രീതിയിലുള്ള വാതക ശ്മശാനത്തിന്റെ നിർമാണോദ്ഘാടനം സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കഴിയുന്നത്ര വേഗത്തിൽ ശ്മശാനത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എം.പി. ഫണ്ട്, എം.എൽ.എ. ഫണ്ട്, കിഫ്ബി ഫണ്ട് തുടങ്ങി വിവിധ തരത്തിലുള്ള ഫണ്ടുകൾ മെഡിക്കൽ കോളജിന്റെ വികസനത്തിനായി ഫലപ്രദമായി പ്രയോജനപ്പെടുത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് കാമ്പസിലെ 50 സെന്റ് സ്ഥലത്ത് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ. വാസവന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് വാതക ശ്മശാനം നിർമിക്കുന്നത്.
പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ദുർഗന്ധമില്ലാതെ വേഗത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുമായി ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം. എൽ.പി.ജി. ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണം ഉണ്ടാവില്ല. ശാസ്ത്രീയ രീതിയിലുള്ള മലിനീകരണ നിയന്ത്രണ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കുന്നത്. സെക്യൂരിറ്റി, ഓഫീസ്, ജനറേറ്റർ മുറികൾ, പാർക്കിംഗ് സൗകര്യം, പൂന്തോട്ടം, വിളക്കുകൾ, ശൗചാലയം, ഓവുചാൽ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും.
മെഡിക്കൽ കോളജിൽ എത്തുന്ന അനാഥ മൃതദേഹങ്ങൾ സംസ്‌കാരിക്കുന്നതിന് ശ്മശാനം പ്രയോജനപ്പെടും. മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന് പൊതുശ്മശാനം ഇല്ല. മറ്റു സ്ഥലങ്ങളിലെ ശ്മശാനങ്ങളെ ആയിരുന്നു ഇവിടെയുള്ളവർ ആശ്രിയിച്ചിരുന്നത്. മെഡിക്കൽ കോളജിൽ വരുന്ന ശ്മശാനം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മറ്റു ഗ്രാമപഞ്ചായത്തുകൾക്കും ഉപകാരപ്പെടും.
അത്യാഹിതവിഭാഗത്തിനു സമീപം നടന്ന യോഗത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ആർപ്പൂക്കര ഗ്രാമപഞ്ചായത്തംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളജ് ആശുപത്രി ആർ.എം.ഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ എന്നിവർ പ്രസംഗിച്ചു.







