16 September, 2025 12:40:06 PM


കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല; സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നത്- മന്ത്രി വീണാ ജോർജ്



തിരുവനന്തപുരം: കുട്ടികളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് . ശിശു ജനന-മരണ നിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിർബന്ധിത ഗർഭഛിദ്രവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി നടത്തിയ ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഗര്‍ഭസ്ഥാവസ്ഥയിലുള്ള ശിശു മുതല്‍, ഒരമ്മയുടെ ഉദരത്തില്‍ ശിശു ഉരുവാകുന്നതു മുതല്‍ ആദ്യത്തെ ആയിരം ദിവസത്തെ പരിചരണത്തിനായി സര്‍ക്കാര്‍ പ്രത്യേക പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണെന്ന്' ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞു മുതല്‍ ആ കുഞ്ഞിന് രണ്ടു വയസ്സാകുന്നതു വരെ, അതിനുശേഷം ആ കുഞ്ഞ് മൂന്നു വയസ്സുമുതല്‍ അംഗന്‍വാടിയിലേക്കെത്തുമ്പോള്‍ പോഷകാഹാരം നല്‍കിയ സര്‍ക്കാര്‍ പരിചരണം ഉറപ്പാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ശിശു മരണ നിരക്കുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ എം വിജിന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു ആരോഗ്യമന്ത്രി രാഹുലിനെ ട്രോളിയത്. ഭരണപക്ഷ അംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ച് മന്ത്രിയെ അഭിനന്ദിച്ചു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന രാഹുലിന്‍റെ ഓഡിയോ സംഭാഷണം പുറത്തുവന്നതു വിവാദമായ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ ട്രോള്‍.

ശിശു മരണ നിരക്കില്‍ അമേരിക്കന്‍ ഐക്യനാടുകളേക്കാള്‍ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചിട്ടുള്ളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ 5.6 ആണ്. നമ്മുടേത് അഞ്ചാണ്. ചരിത്രത്തില്‍ വലിയ അഭിമാനകരമായ നേട്ടമാണിതെന്ന് കാണുന്നു. അതിലെല്ലാവരോടും അകമഴിഞ്ഞ നന്ദി അറിയിക്കുകയാണ്. ശിശു മരണ നിരക്ക് കുറയ്ക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്തും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും വലിയ തോതിലുള്ള ഇടപെടലാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921