15 September, 2025 02:39:01 PM
രാഹുലിന് കുറിപ്പ് ലഭിച്ചു; മറുപടി നല്‍കി; പിന്നാലെ സഭയില്‍നിന്ന് ഇറങ്ങി

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ സഭ വിട്ടിറങ്ങി. സഭാ നടപടികൾക്കിടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിൽ നിന്ന് ലഭിച്ച ഒരു കുറിപ്പിന് മറുപടി നൽകിയ ശേഷമാണ് രാഹുൽ സഭ വിട്ടതെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിർദേശങ്ങൾ അവഗണിച്ചാണ് രാഹുൽ സഭയിലെത്തിയത്. പ്രതിപക്ഷ നിരയിലെ പ്രത്യേക ബ്ലോക്കിൽ, നേരത്തെ സ്വതന്ത്ര എംഎൽഎ പി വി അൻവറിന് അനുവദിച്ച സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷെജീറിനൊപ്പമാണ് രാഹുൽ അപ്രതീക്ഷിതമായി നിയമസഭയിലെത്തിയത്. പാർട്ടി നേതൃത്വം അറിയിപ്പ് നൽകിയിട്ടും രാഹുലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് ശേഷം ഇത് ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. വരുംദിവസങ്ങളിലും സഭയിലെത്താനും പ്രധാനപ്പെട്ട ചില വിഷയങ്ങളിൽ സംസാരിക്കാൻ അവസരം തേടാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.