13 September, 2025 08:50:05 PM
വിജയന്‍റെ കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ കോൺഗ്രസിൽ പണമില്ല- സണ്ണി ജോസഫ്

തൃശൂര്‍: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം മുന്നോട്ട് വയ്ക്കുന്ന എല്ലാ സഹായങ്ങളും പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
വിജയന്റെ കുടുംബത്തെ പറ്റാവുന്ന വിധത്തില്‍ സഹായിച്ചിട്ടുണ്ട്. കുടുംബം പറയുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാന്‍ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ല. കുടുംബവുമായി ഉണ്ടാക്കിയ കരാര്‍ തുടക്കത്തിലെ തന്നെ തെറ്റിയിരുന്നു. നിലവില്‍ ഒരു കരാറില്ല, എന്നിട്ടും പാര്‍ട്ടി ഇടപെട്ട് സഹായം നല്‍കിയിരുന്നു, കുടുംബത്തെ ഇനിയും സഹായിക്കും. ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള വിശാലമനസ്‌കതയുടെ അടിസ്ഥാനത്തിലാണ് അവരെ സഹായിച്ചത്. അത് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ പൈസ ഉണ്ടാക്കുന്നത് പഞ്ചായത്ത് ഇലക്ഷന് വേണ്ടിയാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷമായ ആക്ഷേപം ഉന്നയിക്കുന്ന കുറിപ്പ് എഴുതിവച്ചായിരുന്നു എന്‍ എം വിജയന്റെ മരുമകള്‍ പദ്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 'കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇരകൂടി' എന്നാണ് പത്മജ കുറിച്ചത്. ഇന്ന് ഉച്ചയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു പദ്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച പത്മജ നിലവില്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കോണ്‍ഗ്രസ് നേതൃത്വം സഹായിച്ചില്ലെന്ന് കാട്ടി അതിരൂക്ഷ വിമര്‍ശനവുമായി എന്‍ എം വിജയന്റെ കുടുംബം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നും തരാമെന്നേറ്റ പണം തന്നില്ല. തന്റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞിരുന്നു. പക്ഷേ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ ആരോപിച്ചിരുന്നു.
പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക ജൂണ്‍ 30നുള്ളില്‍ നല്‍കുമെന്ന് എഗ്രിമെന്റ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷന് പരിശോധിക്കണം എന്ന് പറഞ്ഞ് എഗ്രിമെന്റ് അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എംഎല്‍എയുടെ പി എ വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു.