11 September, 2025 04:28:29 PM
'ആഗോള അയ്യപ്പ സംഗമം നടത്താം; പമ്പയുടെ വിശുദ്ധി സംരക്ഷിക്കണം'- ഹൈക്കോടതി

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് ഹൈക്കോടതിയുടെ അനുമതി. പരിപാടി നടത്തുമ്പോള്‍ പമ്പയുടെ പരിശുദ്ധി കാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇന്നലെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.
ആഗോള അയ്യപ്പസംഗമം ദേവസ്വം ബോര്‍ഡിന് നടത്താമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഉപാധികളോടെയാണ് ആഗോള അയ്യപ്പസംഗമത്തിന് അനുമതി നല്‍കിയിരിക്കുന്നത്. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചുമാത്രമേ പരിപാടി നടത്താവൂ. ഇത് വനമേഖലയാണ്. പരിസ്ഥിതിക്കോ വനമേഖലയ്‌ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു.
സുതാര്യമായ സാമ്പത്തിക അക്കൗണ്ട് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും കോടതി പറഞ്ഞു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം പരിപാടി നടത്തേണ്ടത്. സാധാരണ അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.