10 September, 2025 10:16:07 AM


പ്രണയം തുടരാൻ ആഗ്രഹമെന്ന് പെണ്‍കുട്ടി; 18കാരനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി



കൊച്ചി: പതിനെട്ടുകാരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഹര്‍ജിക്കാരനായ പതിനെട്ടുകാരനുമായുളള പ്രണയം തുടരാനാണ് ആഗ്രഹമെന്ന് പെണ്‍കുട്ടി തന്നെ സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തിലാണ് പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സഹപാഠിയായ പെണ്‍കുട്ടി തന്നെ സത്യവാങ്മൂലം ഫയല്‍ ചെയ്തതിനാല്‍ കേസ് തുടരുന്നത് യുവാവിന്റെ ഭാവി തകര്‍ക്കുമെന്നും കേസ് ഇല്ലാതായാല്‍ ഇരുവരും ഒന്നിച്ചു ജീവിക്കാനുളള സാധ്യത കൂടുതലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എസ് ഗിരീഷാണ് പതിനെട്ടുകാരന്റെ ഹര്‍ജി പരിഗണിച്ചത്. കൗമാരചാപല്യമാണ് ക്രിമിനല്‍ കേസായി പരിഗണിച്ചതെന്ന് കോടതി വിലയിരുത്തി.

തിരുവനന്തപുരം പോക്‌സോ കോടതിയുടെ പരിഗണനയിലുളള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പതിനെട്ടുകാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളില്‍ സഹപാഠിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു ആണ്‍കുട്ടിക്കെതിരായ കേസ്. 2023-ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പതിനെട്ടുകാരനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസായിരുന്നു. പതിനെട്ട് വയസാകാന്‍ ആറ് മാസം കൂടിയുണ്ടായിരുന്നു. പതിനെട്ട് വയസായാല്‍ മാത്രമേ ഉഭയസമ്മത പ്രകാരമുളള ബന്ധമായി കണക്കാക്കാനാകുമായിരുന്നുളളു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952