09 September, 2025 09:49:57 AM
കൊട്ടാരക്കരയിൽ മകളെ യാത്രയാക്കാനെത്തിയ അമ്മ ട്രെയിനിന് അടിയില്‍പെട്ട് മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. നഴ്സിങ് വിദ്യാർത്ഥിനിയായ മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.
സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു.
എന്നാൽ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുൻപേ ട്രെയിൻ മുന്നോട്ടു നീങ്ങി. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാനായി ഇവർ വാതിൽപടിയിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയിൽ പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.