24 August, 2025 11:46:31 AM
ട്രെയിനിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; റെയിൽവേ കോൺസ്റ്റബിളിന് സസ്‌പെൻഷൻ

ഉത്തര്‍പ്രദേശ്: ട്രെയിനിൽ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റെയിൽവേ കോൺസ്റ്റബിളിന് സസ്‌പെൻഷൻ. പ്രയാഗ്‌രാജ് എക്‌സ്പ്രസിലാണ് സംഭവം. ജിആര്‍പി കോൺസ്റ്റബിൾ ആയ ആശിഷ് ഗുപ്തയെയാണ് അന്വേഷണവിധേയമായി എസ്പി പ്രശാന്ത് വര്‍മ്മ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തിന്റെ 51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് നടപടി. ഡൽഹിയിൽ നിന്നും പ്രയാഗ്‌രാജിലേക്കുള്ള യാത്രാമദ്ധ്യേയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്
കഴിഞ്ഞ ഓഗസ്റ്റ് 14-നാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായി പെൺകുട്ടി ഡൽഹിയിലെ ഒരു ബന്ധുവീട്ടിലാണ് താല്കാലികമായി താമസിക്കുന്നത്. സംഭവം നടന്ന ദിവസം രാത്രി പെൺകുട്ടി എസ് -9 സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. രാത്രി 1.45 ഓടെ ട്രെയിൻ കാൺപൂരിൽ എത്തിയ സമയത്താണ് പ്രതി സ്ലീപ്പർ കോച്ചിൽ എത്തിയത്. പെൺകുട്ടി ഉറങ്ങുന്നത് കണ്ട പ്രതി കുട്ടിയുടെ കാലിൽ സ്പർശിക്കാൻ തുടങ്ങി. ആരോ തന്നെ തൊടുന്നുണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഉടന്‍തന്നെ ഉറക്കമുണര്‍ന്നു. കോണ്‍സ്റ്റബളിനെ തള്ളിമാറ്റിയ പെണ്‍കുട്ടി ഉടൻ തന്നെ സംഭവത്തെ പറ്റി റെയില്‍വേ ഹെല്‍പ്പ്‌ലൈനില്‍ പരാതിപ്പെടുകയും ചെയ്തു. പരാതി നല്‍കിയ ഉടന്‍ ആശിഷ് കരഞ്ഞുകൊണ്ട് ക്ഷമാപണം നടത്തി. ഇയാൾ മാപ്പ് ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി.