23 August, 2025 07:17:11 PM


'കൊല്ലാൻ എത്ര സമയം വേണമെന്നാണ് കരുതുന്നത്'; യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ച് രാഹുലിന്റെ വധഭീഷണി



തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കി കൂടുതല്‍ ശബ്ദരേഖകള്‍. ഗര്‍ഭിണിയായ യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദം ചെലുത്തുന്ന ഫോണ്‍ കോള്‍ സംഭാഷണമാണ് രാഹുല്‍ മാങ്കൂട്ടിത്തിന്റേതെന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. യുവതിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ ശബ്ദസന്ദേശം. ഗര്‍ഭച്ഛിദ്രം നടത്തിയില്ലെങ്കില്‍ തന്റെ ജീവിതം തകരുമെന്ന് ആവര്‍ത്തിക്കുമ്പോഴും യുവതി സമ്മതിക്കാതെ വരുമ്പോഴാണ് സംഭാഷണത്തില്‍ വധഭീഷണി ഉയര്‍ത്തുന്നത്.

ഗര്‍ഭച്ഛിദ്രം നടത്താതിരുന്നാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ബോധമില്ലാത്തതിനാലാണ് ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്. യുവതിയെക്കൊണ്ട് തനിച്ച് അഭിമുഖീകരിക്കാന്‍ പറ്റുന്നതല്ല വിഷയമെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് താന്‍ സുഹൃത്തുക്കളോട് പോലും പറഞ്ഞിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു. സമാധാനപരമായാണ് സംസാരിച്ചത്. ഞാനൊരു പെണ്ണാണ്, ഇതോണോ തന്റെ ആദര്‍ശം എന്നും ശബ്ദ സന്ദേശത്തില്‍ യുവതി ചോദിക്കുന്നു. ആദര്‍ശം ജീവിതത്തില്‍ കൊണ്ടുവരണം. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത് കൊണ്ട് മറ്റൊരു സ്ഥലത്താണ് നില്‍ക്കുന്നത്. എന്നെക്കാള്‍ പ്രാധാന്യം എന്റെ ജീവിതത്തില്‍ വരുന്ന കുഞ്ഞിന് കൊടുക്കുന്നുണ്ട് എന്നും യുവതി സംഭാഷണത്തിനിടെ ആവര്‍ത്തിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K