21 August, 2025 09:22:01 AM


വീട്ടിലെത്തിയത് വെള്ളം ചോദിച്ച്; കണ്ണൂരില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു



കുറ്റ്യാട്ടൂർ: കണ്ണൂർ ഉരുവച്ചാലിൽ യുവാവ് വീട്ടിൽക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണ(39) ആണ് മരിച്ചത്. ബുധൻ പകൽ രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം. ഇരിക്കൂർ കുട്ടാവ് സ്വദേശി പട്ടേരി ജിജേഷ് (35) ‌ആണ് പ്രവീണയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. കുറ്റ്യാട്ടൂർ സ്വദേശി അജീഷ് ആണ് പ്രവീണയുടെ ഭർത്താവ്. 

ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷാണ് പ്രവീണയുടെ ശരീരത്തിൽ ഇന്നലെ ഉച്ചയോടെ പെട്രോൾ ഒഴിച്ചത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രവീണയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നാലെ രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു. ജിജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.

അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടിൽ ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ജിജേഷ് എത്തിയത്. പ്രവീണയുടെ ഭർത്താവ് അജീഷ് വിദേശത്താണ്. വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K