18 August, 2025 08:57:37 AM
കഴുത്തിൽ ഷാൽ കുടുക്കിയ നിലയിൽ; ഒറ്റപ്പനയിലെ 57കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയില്‍ 57 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ചെമ്പകപ്പള്ളി റംലത്താണ് മരിച്ചത്. അടുക്കള വാതില്‍ തുറന്ന നിലയിലായിരുന്നു. കാല്‍ നിലത്തും ശരീരം കട്ടിലിലുമായാണ് മൃതദേഹം കണ്ടത്.
കഴുത്തില്‍ ഷാള്‍ കുടുക്കിയ നിലയിലായിരുന്നു. വീടിനുള്ളില്‍ മുളക് പൊടി വിതറിയിട്ടുണ്ട്. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലാണെന്നും കണ്ടെത്തി. ഇതെല്ലാം കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ട് ആണ് സംഭവം. റംലത്തിനെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടത്. അമ്പലപ്പുഴ പൊലിസും ഫൊറന്‍സിക് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമായി ബന്ധമുള്ളതോ പരിചയമുള്ളവരില്‍ ആരെങ്കിലോ ആയിരിക്കാം റംലത്തിനെ അപായപ്പെടുത്തിയതെന്നാണ് പൊലീസിന്റെ സംശയം.
ഇന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റംലത്തിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കും. ഇതിനുശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് അന്വേഷണം നടത്തി വരികയാണ് പൊലീസ്. റംലത്തിന്റെ ആഭരണങ്ങളോ, പണമോ നഷ്ടമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വര്‍ഷങ്ങളായി റംലത്ത് ഇവിടെ ഒറ്റയ്ക്കാണ് കഴിയുന്നത്.