11 August, 2025 10:59:25 AM
വടി കൊണ്ടടിച്ച് ഫോണ്‍ തട്ടിയെടുക്കും, ട്രെയിനില്‍ ഉത്തരേന്ത്യന്‍ മോഡല്‍ കവര്‍ച്ച, മലയാളികള്‍ പിടിയില്‍

കൊച്ചി: ആലുവയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈല്‍ ഫോണടക്കം തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തെ റെയില്‍വേ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളുമുണ്ട്. ട്രെയിനിന്റെ വേഗം കുറയുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ വടികൊണ്ട് അടിക്കുന്നതാണ് ഇവരുടെ ആക്രമണത്തിന്റെ രീതി. റെയില്‍വേ സ്റ്റേഷന്‍ അടുത്ത് ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് ഇവര്‍ യാത്രക്കാരെ ആക്രമിച്ച് സാധനങ്ങള്‍ കവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം കവര്‍ച്ചാസംഘങ്ങളുള്ളത്. ഇത്തരം കവര്‍ച്ചകളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവര്‍ച്ചാശ്രമം നടന്നതെന്നാണ് പരാതി. കഴിഞ്ഞ ദിവസം അടിയേറ്റ യുവാവ് ട്രെയിനിൽ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയിലാണ് റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങിയത്.