08 August, 2025 11:22:21 AM


ജെയ്നമ്മ തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറിൽ നിന്ന് ചുറ്റികയും ഡീസല്‍ കന്നാസും കണ്ടെത്തി



കോട്ടയം: ഏറ്റുമാനൂര്‍ ജൈനമ്മ തിരോധനാക്കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്നും കത്തി, ചുറ്റിക, ഡീസല്‍ കന്നാസ്, പേഴ്‌സ് തുടങ്ങിയവ കണ്ടെത്തി. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ ലഭിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് നിര്‍ണായക വസ്തുക്കള്‍ കണ്ടെടുത്തത്.

പിടിച്ചെടുത്ത 20 ലിറ്റര്‍ കന്നാസില്‍ ഡീസല്‍ വാങ്ങിയിരുന്നതായി സെബാസ്റ്റ്യന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കണ്ടെടുത്ത വസ്തുക്കള്‍ കൊലപാതകത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന് സ്ഥിരീകരിക്കാനായി ശ്‌സ്ത്രീയ പരിശോധനയ്ക്ക് അയക്കും. കേസില്‍ തുടക്കം മുതലേ സെബാസ്റ്റ്യന്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ക്രൈംബ്രാഞ്ച് സെബാസ്റ്റിയനെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ വീണ്ടും കസ്റ്റഡി അപേക്ഷ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഏഴു ദിവസം കൂടി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. ജൈനമ്മ തിരോധാനക്കേസില്‍ സെബാസ്റ്റിയന് പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് പരിശ്രമിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K