17 July, 2025 08:15:11 PM


ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതി ബാംഗ്ലൂരിൽ നിന്നും പിടിയില്‍



കോട്ടയം: ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊലക്കേസ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്ത് കോട്ടയം  വെസ്റ്റ് പോലീസ്. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ 2020 ൽ രജിസ്റ്റർ ചെയ്തിട്ടുള്ള കോട്ടയം മുനിസിപ്പാലിറ്റി പാറപ്പാടം ഭാഗത്തുള്ള ഷീനാമൻസിൽ വീട്ടിലെ മുഹമ്മദ് സാലിയെയും ഭാര്യ ഷീബ സാലിയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വേളൂർ വില്ലേജിൽ താഴത്തങ്ങാടി കരയിൽ മാലിപ്പറമ്പിൽ വീട്ടിൽ നിസാമുദ്ദീൻ  മകൻ മുഹമ്മദ് ബിലാൽ, (27 വയസ്സ്) ആണ് പിടിയിലായത്.

01-06-2020 ൽ നടന്ന സംഭവത്തിൽ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതി ഈ കേസിന്റെ വിചാരണ ജില്ലാ കോടതിയിൽ നടന്നുവരവെ  ഒളിവിൽ പോവുകയും തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ പ്രശാന്ത് കുമാർ കെ. ആറിന്റെ നേതൃത്വത്തിൽ എസ് ഐ വിദ്യാ വി., എ എസ് ഐ സജി പി. സി.,സ്പെഷ്യല്‍.സി.പി.ഒ അരുൺ കുമാർ എം. വി.,സി.പി.ഒ മാരായ സലമോൻ, മനോജ് കെ. എം., അജേഷ് ജോസഫ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം പ്രതി മുഹമ്മദ് ബിലാലിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുകയും, ഇയാൾ ബാംഗ്ലൂരിൽ എവിടെയോ ഉണ്ട് എന്ന് മനസ്സിലാക്കിയ അന്വേഷണസംഘം,  ബാംഗ്ലൂർ  കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ഇന്നലെ(16-07-2025) ബാംഗ്ലൂരിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി മുഹമ്മദ് ബിലാൽ അഞ്ചോളം മോഷണക്കേസുകളിലും, സ്ത്രീകളെ ശല്യം ചെയ്ത കേസിലും പ്രതിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915