08 July, 2025 06:54:31 PM


മനുഷ്യനെ സഹായിക്കാന്‍ ലഭിക്കുന്ന അവസരം പ്രയോജന പ്രദമാക്കണം- സന്തോഷ് ജോര്‍ജ് കുളങ്ങര



പാലാ: ജീവിച്ചിരിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മനുഷ്യനെ സഹായിക്കാന്‍ ലഭിക്കുന്ന അവസരം പ്രയോജനപ്രദമാക്കണമെന്ന് പ്ലാനിംഗ് ബോര്‍ഡ് മെമ്പറും ലോകസഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. നന്മപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുവാനും പ്രോത്സാഹിപ്പിക്കുവാനും സഹകരിക്കുവാനും മനസ്സ് കാണിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യരായി മാറുന്നത്. സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ജീവകാരുണ്യപ്രവര്‍ത്തകര്‍ക്കും ഏറ്റവും അനുകരണീയമായ മാതൃകാ പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവന പദ്ധതി.  ഭവനരഹിതരായ ഏറ്റവും അര്‍ഹതപ്പെട്ട ആളുകളെ കണ്ടെത്തി അവര്‍ക്ക് സുരക്ഷിതമായ, മനോഹരമായ വീട് നിര്‍മ്മിച്ചുകൊടുക്കുന്ന ഈ കാരുണ്യപ്രവര്‍ത്തനം ഏറെ അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു.

സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള നാല്പ്പത്തിയെട്ടാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം കരൂര്‍ പഞ്ചായത്തിലെ ഇടനാട്ടില്‍ നിര്‍വ്വഹിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങര. ഡേവിസ് പാലാത്ത് ഭരണങ്ങാനം സംഭാവന നല്കിയ സ്ഥലത്താണ് സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള കരൂര്‍ പഞ്ചായത്തിലെ ആദ്യ സ്‌നേഹവീട് നിര്‍മ്മിച്ചത്. സന്തോഷ് ജോര്‍ജ് കുളങ്ങര നേതൃത്വം നല്കുന്ന സഫാരി ചാനലാണ് ഈ വീട് നിര്‍മ്മാണത്തിനായി നാല് ലക്ഷം രൂപ സ്‌നേഹദീപം കരൂരിന് നല്കിയത്. സ്‌നേഹദീപം പദ്ധതിയിലെ മുപ്പത്തിയെട്ടാം സ്‌നേഹവീട് മുത്തോലിയില്‍ നിര്‍മ്മിച്ചതും സന്തോഷ് ജോര്‍ജ് കുളങ്ങര നല്കിയ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ്.

സ്‌നേഹദീപത്തിന്റെ പ്രവര്‍ത്തനങ്ങളും സുതാര്യതയും പൂര്‍ണ്ണമായും ബോധ്യപ്പെട്ടതുകൊണ്ട് അമ്പത്തിരണ്ടാം സ്‌നേഹവീട് നിര്‍മ്മിക്കുന്നതിനുള്ള തുക സഫാരി ചാനല്‍ സ്‌നേഹദീപത്തിന് നല്കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര അറിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യാ രാമന്‍, വൈസ് പ്രസിഡന്റ് സാജു വെട്ടത്തേട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീലാ ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രിന്‍സ് കുര്യത്ത്, ഡേവിസ് പാലാത്ത്, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോര്‍ജ് പുളിങ്കാട്, സന്തോഷ് കുര്യത്ത്, ജയചന്ദ്രന്‍ കോലത്ത്, പാട്രിക് ജോസഫ്, വിന്‍സെന്റ് ഡി പോള്‍ ഭാരവാഹികളായ തോമസ് മാത്യു ചാത്തനാട്ട്, സ്‌കറിയാച്ചന്‍ ആനിത്തോട്ടം, ബെന്നി കന്യാട്ടുകുന്നേല്‍, ജിന്‍സ് കുഴികുളം, സാനിച്ചന്‍ മാധവത്ത് എന്നിവര്‍ പ്രസംഗിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 954