23 May, 2025 04:59:27 PM


കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല



കാസര്‍കോട്: കാസര്‍കോട് ചെര്‍ക്കളയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ഓടെ ചെര്‍ക്കള പുലിക്കുണ്ട് ഭാഗത്തുവച്ചായിരുന്നു അപകടം. കാര്‍ യാത്രികരായ അഞ്ചംഗ കുടുംബം അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടു.

ഇക്ബാല്‍ മുഹമ്മദ് കുട്ടി എന്നയാളുടെ കാറിനാണ് തീപിടിച്ചത്. മുംബൈയില്‍ നിന്നും കണ്ണൂര്‍ കണ്ണപുരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ എര്‍ട്ടിഗ കാറാണ് കത്തിയെരിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ക്ക് ഡോര്‍ തുറന്ന് പുറത്തിറങ്ങാനായത് വലിയ അപകടം ഒഴിവാക്കി. ബോണറ്റില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയും തല്‍ക്ഷണം തീപിടിക്കുകയുമായിരുന്നുവെന്ന് ഫയര്‍സര്‍വീസ് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ തന്നെയാണ് അഗ്‌നിശമനസേനയെ വിവരം അറിയിച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ തീയണച്ചു.

ഒരുമാസം മാത്രമാണ് വാഹനത്തിന്റെ പഴക്കമെന്ന് ഉടമ ഇക്ബാല്‍ മുഹമ്മദ് കുട്ടി പറഞ്ഞു. ഭാര്യ റുബീന, മക്കള്‍ നൗഫ്, അസീസ, ഉമര്‍ എന്നിവരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു. 25000 രൂപ 5 പവന്‍ സ്വര്‍ണം, ഐഡി കാര്‍ഡുകള്‍, രണ്ട് മൊബൈല്‍ ഫോണ്‍, ഡ്രസ്സ്, ബാഗ്, വാഹനത്തിന്റെ രേഖകള്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K