21 May, 2025 09:08:08 AM
ദളിത് യുവതിയെ അപമാനിച്ച സംഭവം; എ.എസ്.ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

പേരൂർക്കട: സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എ.എസ്.ഐ പ്രസന്നന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിന് പിന്നാലെയാണ് നടപടി. ബിന്ദുവിനെ കൂടുതൽ ഭീഷണിപ്പെടുത്തിയത് എ.എസ്.ഐ പ്രസന്നനാണ്. സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി.
ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജിഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. നേരത്തെ സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. . ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ട പരാതി നൽകാനാണ് ബിന്ദുവിന്റെ തീരുമാനം.
തിരുവനന്തപുരത്ത് സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടിവെള്ളം പോലും നല്‍കിയില്ലെന്നുമാണ് യുവതിയുടെ ആരോപണം.കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു.