13 May, 2025 03:25:51 PM


നന്തൻകോട് കൂട്ടക്കൊല കേസ്: പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം



തിരുവനനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് ജീവപര്യന്തം. ജീവപര്യന്തം തടവും പതിനഞ്ച് ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പിഴത്തുക ബന്ധുവായ ജോസിന് നല്‍കണമെന്ന വിധിച്ച കോടതി കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും നിരീക്ഷിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ആറാം കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാനസിക പ്രശ്നമുണ്ടെങ്കിൽ ഉറ്റവരെ കൊല്ലാൻ പ്രതിക്ക് എങ്ങനെ സാധിച്ചു എന്നും പ്രോസിക്യൂഷൻ ചോദിച്ചു. എന്നാൽ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.

എന്നാല്‍ ആസൂത്രിത കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. കൊലപാതകത്തിന് ശേഷം ചെന്നൈക്ക് പോയപ്പോള്‍ പ്രധാന രേഖകളെല്ലാം എടുത്തു. മാനസിക പ്രശ്‌നമുള്ളയാള്‍ക്ക് ഇങ്ങനെ ചെയ്യാനാവില്ല. പ്രതിക്ക് പശ്ചാത്താപം ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി കൃത്യം നടത്തിയത് പൂര്‍ണ്ണ ബോധ്യത്തോടെയല്ല. പ്രായം പരിണിക്കണം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

2017 ഏപ്രില്‍ ഒമ്പതിന് പുറംലോകമറിഞ്ഞ കേസില്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ശേഷം വാദം കേട്ട് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റി. കേദല്‍ ജിന്‍സന്‍ അച്ഛന്‍ രാജാ തങ്കത്തെയും, അമ്മ ഡോക്ടര്‍ ജീന്‍ പത്മയെയും സഹോദരി കരോലിനെയും ബന്ധു ലളിതയെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പുറകില്‍ മഴുകൊണ്ട് വെട്ടുകയും ചെയ്തു. ശേഷം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു.

പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മാനസിക പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് ഏഴ് വര്‍ഷത്തോളം വിചാരണ നീട്ടിക്കൊണ്ടുപോയി. 65 ദിവസം നീണ്ട വിചാരണയില്‍ 42 സാക്ഷികളെ വിസ്തരിച്ചു. 120-ലധികം രേഖകളും നാല്‍പതിലധികം തൊണ്ടിമുതലും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടന്നും ആസ്ടറല്‍ പ്രൊജക്ഷന് വേണ്ടിയാണ് കൊലപാതകമെന്ന പ്രതിയുടെ ആദ്യ മൊഴിയും ചൂണ്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പൊലീസ്‌ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് കാരണം മാതാപിതാക്കളോടുള്ള വൈരാഗ്യമാണ്. ഇത് സാധൂകരിക്കുന്ന തെളിവടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ എത്തിച്ചിരുന്നു.

നാലു കൊലപാതകങ്ങള്‍ കൂടാതെ അമ്മാവനായ ജോസ് സുന്ദരത്തെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. കേസ് അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തുന്നത്. സംഭവം നടന്നതിന്റെ അടുത്ത ദിവസമായ എട്ടാം തീയതി മതില്‍ ചാടിക്കടന്ന് കേഡല്‍ ജിന്‍സണ്‍ രാജ അമ്മാവന്‍ ജോസിന്റെ വീട്ടിലെത്തി. എന്നാല്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ജോസ് അയല്‍വാസിയെ വിളിച്ചു.

ജോസ് തൊട്ടടുത്ത വീട്ടിലാണ് താമസിച്ചിരുന്നത്. ജോസ് തന്റെ നാലുസെന്റ് ഭൂമിയും വീടും സഹോദരി ജീന്‍ പത്മത്തിന് എഴുതി നല്‍കിയിരുന്നു. മാസം 50,000 രൂപ നല്‍കാമെന്ന വ്യവസ്ഥ പ്രകാരമാണ് ജോസ് സഹോദരിക്ക് ഭൂമി എഴുതി നല്‍കുന്നത്. പക്ഷെ ഒരു മാസം മാത്രമാണ് ഇത്തരത്തില്‍ ജോസിന് പണം ലഭിച്ചത്. പിറ്റേ മാസം സഹോദരി ജീന്‍ പത്മം കൊല്ലപ്പെട്ടു.

ആരോരും ഇല്ലാതായ വീല്‍ചെയറില്‍ കഴിയുന്ന അവിവാഹിതനായ ജോസ് ഇപ്പോള്‍ സുഹൃത്തുകളുടെ സഹായത്തോടെയാണ് കഴിയുന്നത്. ജയിലില്‍ പോയി കേഡലിനെ നേരിട്ടു കണ്ട ജോസ് ഭൂമി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭൂമി വിറ്റ് കിട്ടുന്ന പണം കൊണ്ട് ചികിത്സ നടത്താനായിരുന്നു ഇദ്ദേഹം ലക്ഷ്യമിട്ടത്. എന്നാല്‍ ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കേഡല്‍ തയ്യാറായിരുന്നില്ല. കേസിൽ കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തത്തിന് പുറമേ, വിധിച്ച 15 ലക്ഷം രൂപ പിഴ അമ്മാവൻ ജോസ് സുന്ദരത്തിന് നൽകണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941