09 May, 2025 04:23:57 PM


രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി



കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി. ഇടവമാസ പൂജകള്‍ കണ്ട് തൊഴാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷവും അക്രമസാധ്യതകളും പരിഗണിച്ചാണ് ശബരിമല യാത്ര റദ്ദാക്കിയതെന്നാണ് വിവരം.

ഈ മാസം 18, 19 തീയതികളില്‍ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്നായിരുന്നു സൂചന. ഇത് പരിഗണിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും വിവിധ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. നിലക്കല്‍ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു. എന്നാല്‍ രാഷ്ട്രപതി എത്തില്ലെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചെന്നാണ് വിവരം.

ഇതേത്തുടര്‍ന്ന് ഇടവ മാസ പൂജയ്ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോര്‍ഡ് ഒഴിവാക്കി. മെയ് 18, 19 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്തു തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താവുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K