09 May, 2025 08:23:32 AM
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം: 24 വിമാനത്താവളങ്ങള്‍ അടച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് നടപടി. പാക് അതിര്‍ത്തിയോട് ചേര്‍ന്നവയ്ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ സേനാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും അടച്ചു. ചിലത് മെയ് പത്ത് വരെയും മറ്റുള്ളവ അനിശ്ചിത കാലത്തേയ്ക്കുമാണ് അടച്ചത്.
ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ലുധിയാന, ഭന്തര്‍, കിഷന്‍ഗഡ്, പട്ട്യാല, ഷിംല. കന്‍ഗ്ര-ഗഗ്ഗാല്‍, ഭട്ടീന്ദ, ജയ്‌സാല്‍മര്‍, ജോദ്പുര്‍, ബിക്കാനെര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗര്‍, ഹിരാസര്‍ (രാജ്‌കോട്ട്), പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട അഞ്ച് സര്‍വീസുകളും എത്തിച്ചേരേണ്ട അഞ്ച് സര്‍വീസുകളും റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈയ്ക്കുള്ള രണ്ട് സര്‍വീസുകളും ഗാസിയാബാദിനടുത്തുള്ള ഹിന്‍ഡന്‍, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും റദ്ദാക്കി. ബെംഗളൂരുവില്‍ നിന്ന് ഉത്തരേന്ത്യന്‍ അതിര്‍ത്തി മേഖലകളിലേയ്ക്കുള്ള സര്‍വീസുകള്‍ ഇന്നലെയും മുടങ്ങി. അമൃത്‌സര്‍, ചണ്ഡിഗഡ്, ശ്രീനഗര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേയ്ക്കുള്‍പ്പെടെ 29 സര്‍വീസുകള്‍ ബുധനാഴ്ച റദ്ദാക്കിയിരുന്നു.
അതിര്‍ത്തി ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. ചണ്ഡിഗഡിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, അമൃത്സര്‍, ഗുരുദാസ്പൂര്‍, താന്‍തരണ്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.