06 May, 2025 07:32:14 PM


ദേവികുളം എം എൽ എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി സുപ്രീംകോടതി തള്ളി



ന്യൂഡല്‍ഹി: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ രാജയുടെ വിജയം ശരിവെച്ച് സുപ്രീംകോടതി. രാജയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. രാജയുടെ തെരഞ്ഞെടുപ്പ് അംഗീകരിച്ച സുപ്രീംകോടതി, എംഎല്‍എ എന്ന നിലയ്ക്കുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്‍കാനും കോടതി വിധിച്ചു.

രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. സിപിഎമ്മിലെ രാജ സംവരണത്തിന് അര്‍ഹനാണെന്നും ജസ്റ്റിസുമാരായ എ അമാനുള്ള, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എ രാജ നല്‍കിയ രേഖകള്‍ സുപ്രീംകോടതി അംഗീകരിച്ചു. തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

1950 ന് മുമ്പാണ് തന്റെ മുത്തച്ഛന്‍ അടക്കമുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് കുടിയേറിയതെന്ന് രാജ കോടതിയെ അറിയിച്ചിരുന്നു. പ്ലാന്റേഷന്‍ കമ്പനി രേഖകള്‍ അടക്കം ഹാജരാക്കി. അതുപ്രകാരം തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഹിന്ദു പറയന്‍ സമുദായക്കാരാണ് തന്റെ മാതാപിതാക്കള്‍. അതുകൊണ്ട് തനിക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് രാജ വ്യക്തമാക്കിയത്.

എ രാജ ക്രിസ്തുമത വിശ്വാസിയാണെന്നും, വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സംവരണ സീറ്റില്‍ മത്സരിച്ചതെന്നുമാണ് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ കോടതിയെ സമീപിച്ചത്. മാട്ടുപ്പെട്ടി കുണ്ടള എസ്റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തര്‍ ദമ്പതികളുടെ മകനായി ജനിച്ച എ രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നാണ് കുമാര്‍ കോടതിയില്‍ വാദിച്ചത്. രാജയുടെ വിവാഹഫോട്ടോ അടക്കം തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K