05 May, 2025 02:53:50 PM


ചെറായി പാലത്തിന് മുകളിൽ നിന്ന് ചാടി; 18 കാരിയുടെ മൃതദേഹം 300 മീറ്റർ അകലെ കണ്ടെത്തി



കൊച്ചി: എറണാകുളം വടക്കൻ പറവൂർ ചെറായി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് 18 കാരി പാലത്തിൽ നിന്നും ചാടിയത്. ഇന്നലെ പൊലീസും ഫയർഫോഴ്സും സ്കൂബ ടീമും നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചാടിയ സ്ഥലത്തിൽ നിന്നും 300 മീറ്റർ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ സ്വദേശിയാണെങ്കിലും ഏറെ നാളായി എറണാകുളത്തായിരുന്നു പെണ്‍കുട്ടിയുടെ താമസം. ആൺസുഹൃത്തുമായുള്ള തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന.

ഇന്നലെ രാവിലെയാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. നാട്ടുകാരിൽ ചിലർ പെൺകുട്ടിയെ കണ്ടെങ്കിലും രക്ഷിക്കാനായില്ല. രാവിലെ മുതൽ ഫയർ ഫോഴ്സും പൊലീസുമൊക്കെ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാത്രിയോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. വടക്കൻ പറവൂരിലെ എസ്എൻ കോളജിൽ പഠിച്ചിരുന്ന സമയത്തെ സുഹൃത്തുമായുള്ള തർക്കത്തിന് പിന്നാലെയാണ് പെൺകുട്ടി പുഴയിൽ ചാടിയതെന്നാണ് പൊലീസ് പറയുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K