04 May, 2025 10:18:08 PM


തൃശൂർ പൂരത്തിൻ്റെ വരവറിയിച്ച് സാമ്പിൾ വെടിക്കെട്ട് ; ഒരാൾക്ക് പരിക്ക്

പി എം മുകുന്ദൻ



തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടന്നു​. വൈകിട്ട് ഏഴുമണിയോടെയാണ് സാമ്പിളിന് തിരികൊളുത്തിയത്. തിരുവമ്പാടിയാണ് ആദ്യം സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തിയത്. തുടർന്ന് പാറമേക്കാവിന്റെ വെടിക്കെട്ടും നടന്നു. സാമ്പിൾ വെടികെട്ടിനിടെ ഒരാൾക്ക് പരുക്ക് പറ്റി. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് പരുക്കേറ്റത്. വെടിക്കെട്ട് സാമഗ്രിയുടെ അവശിഷ്ടം തലയിൽ വീഴുകയായിരുന്നു. പരുക്ക് സാരമുള്ളതല്ല.

വൈവിധ്യങ്ങളും സസ്പെൻസുകളും സമാസമം ചേരുന്ന തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് ഇത്തവണയും മാറ്റമുണ്ടായില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ മാസങ്ങൾക്കു മുമ്പേ വെടിക്കെട്ടിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.

തൃശ്ശൂർ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദർശനങ്ങളും ഇന്ന് ആരംഭിച്ചു. തിരുവമ്പാടി വിഭാഗത്തിന്റേത് കൗസ്തുഭം ഓഡിറ്റോറിയത്തിലും പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും ആണ് നടക്കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K